ക്രിസ്മസിന് വമ്പൻ ബോക്സ് ഓഫീസ് യുദ്ധം; കളിക്കളത്തിൽ മോഹൻലാൽ, പ്രഭാസ്, ഷാരുഖ് ഖാൻ, ധനുഷ്.

Advertisement

ഇത്തവണത്തെ ക്രിസ്മസ് സീസണിൽ കേരളത്തിൽ നടക്കാൻ പോകുന്നത് വമ്പൻ ബോക്സ് ഓഫീസ് യുദ്ധമെന്നു സൂചന. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഡിസംബറിൽ റിലീസ് പ്ലാൻ ചെയ്യുന്നത്. അതിൽ മോഹൻലാൽ, പ്രഭാസ്, ഷാരൂഖ് ഖാൻ, ധനുഷ് ഉൾപ്പെടെയുള്ള വമ്പൻ താരങ്ങളുമുണ്ട്. പ്രഭാസ് നായകനായ പാൻ ഇന്ത്യൻ പ്രശാന്ത് നീൽ ചിത്രമായ സലാറും ഷാരൂഖ് ഖാൻ- രാജ് കുമാർ ഹിറാനി ടീം ആദ്യമായി ഒന്നിക്കുന്ന ഡങ്കിയും ഡിസംബർ 22 ന് നേർക്ക് നേർ പോരാടാനുള്ള ഒരുക്കത്തിലാണ്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രങ്ങളുടെ പോരാട്ടം വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. ഡിസംബർ 21 നാണ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ നേര് റിലീസ് ചെയ്യുക. ചെറിയ ബഡ്ജറ്റിലൊരുക്കിയ ഒരു കോർട്ട് റൂം ഡ്രാമയാണ് നേര് എങ്കിലും, ദൃശ്യം സീരിസ് സമ്മാനിച്ച മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടാണ് ഈ ചിത്രത്തിന് മേൽ വലിയ പ്രതീക്ഷ സമ്മാനിക്കുന്നത്.

ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ക്യാപ്റ്റൻ മില്ലർ എന്ന തമിഴ് ചിത്രവും ക്രിസ്മസിന് തീയേറ്ററുകളിൽ ഉണ്ടാകും. ധനുഷിനൊപ്പം ശിവരാജ് കുമാറും അഭിനയിച്ചിരിക്കുന്ന ഈ പീരീഡ് ആക്ഷൻ ഡ്രാമ സംവിധാനം ചെയ്തിരിക്കുന്നത് അരുൺ മാതേശ്വരനാണ്. ഡിസംബർ പതിനഞ്ചിനാണ്‌ ഈ ചിത്രം ആഗോള റിലീസായി എത്തുന്നത്. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലറും ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷം ചെയുന്നു എന്നതും ഇതിന്റെ ഹൈലൈറ്റാണ്. മലയാളത്തിന്റെ യുവസൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരനും, സലാറിലെ നിർണ്ണായക വേഷത്തിലൂടെ ഈ ക്രിസ്മസ് പോരാട്ടത്തിന്റെ ഭാഗമാകുന്നുണ്ട്. അത് കൂടാതെ മമ്മൂട്ടിയുടെ ബസൂക്കയുൾപ്പെടെയുള്ള ചിത്രങ്ങൾ ക്രിസ്മസിനെത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close