ബിലാൽ വരുമോ? മറുപടി നൽകി മമ്മൂട്ടി.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡ് റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 28 ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായ മമ്മൂട്ടി, പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബിലാൽ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കണ്ണൂർ സ്‌ക്വാഡ് പ്രമോഷൻ പരിപാടികൾക്കിടയിലാണ്, ബിലാൽ എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകരുടെ ആകാംഷ അവതാരകർ മമ്മൂട്ടിയുമായി പങ്ക് വെച്ചത്. ബിലാൽ അപ്‌ഡേറ്റ് കാത്തിരിക്കുന്നു എന്ന ആവശ്യവുമായി ആരാധകർ തയ്യാറാക്കിയ പ്ലക്കാർഡുകളും അവതാരകർ മമ്മൂട്ടിക്ക് കാണിച്ചു കൊടുത്തു. അതിനു മറുപടിയായി മമ്മൂട്ടി പറയുന്നത്, താൻ ഒരാൾ മാത്രം വിചാരിച്ചാൽ ബിലാൽ സംഭവിക്കില്ല എന്നാണ്. ആ കഥാപാത്രം ചെയ്യാൻ താൻ മാത്രം റെഡി ആയിട്ട് കാര്യമില്ലല്ലോ എന്നും, അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവരാണ് ആദ്യം റെഡിയാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അമൽ നീരദ് വിചാരിച്ചാൽ മാത്രമേ ബിലാൽ സംഭവിക്കു എന്ന് പറഞ്ഞ മമ്മൂട്ടി, അതിനുള്ള സന്നാഹങ്ങൾ അവർ ഒരുക്കുന്നത് പോലെയിരിക്കും ബിലാൽ സംഭവിക്കാനുള്ള സാധ്യത എന്നും സൂചിപ്പിച്ചു. അമൽ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമാണ് ബിലാൽ. ആറ് വർഷം മുൻപാണ് ബിലാൽ എന്ന പേരിൽ അതിനൊരു രണ്ടാം ഭാഗം അമൽ നീരദ് പ്രഖ്യാപിച്ചത്. എന്നാൽ ഇത്രയും വർഷമായിട്ടും ആ പ്രൊജക്റ്റ് നടക്കാത്തതിൽ ആരാധകർ ഏറെ നിരാശയിലാണ്. അതിനിടയിൽ ഭീഷ്മ പർവ്വം എന്നൊരു സൂപ്പർ ഹിറ്റ് ചിത്രം അമൽ നീരദ് മമ്മൂട്ടിയെ തന്നെ നായകനാക്കി ഒരുക്കുകയും ചെയ്തു. ഇപ്പോൾ കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് അമൽ നീരദ്. കുഞ്ചാക്കോ ബോബൻ ചിത്രത്തിന് ശേഷം, മമ്മൂട്ടി, ദുൽഖർ സൽമാൻ എന്നിവർ നായകന്മാരായി എത്തുന്ന രണ്ട് ചിത്രങ്ങളും അമൽ നീരദ് പ്ലാൻ ചെയ്യുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close