മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വല്യേട്ടൻ എന്ന ചിത്രത്തിന്റെ റീ റിലീസ് നവംബർ ഇരുപത്തിയൊൻപതിനാണ് ഉണ്ടായത്. വമ്പൻ പ്രമോഷനോടെ 24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത ഈ ചിത്രത്തിന് ആദ്യ കണക്കുകൾ പ്രകാരം 23 ലക്ഷം രൂപയാണ് ചിത്രം നേടിയ ആദ്യ ദിന കേരള ഗ്രോസ്.
മലയാളത്തിൽ റീ റിലീസ് ചെയ്ത ചിത്രങ്ങൾ നേടിയ ആദ്യ ദിന കേരള ഗ്രോസ് കളക്ഷൻ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് വല്യേട്ടൻ ഇടം പിടിച്ചത്. മോഹൻലാൽ നായകനായ സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ എന്നിവയാണ് റീ റിലീസ് ചിത്രങ്ങളുടെ ആദ്യ ദിന കേരളാ ഗ്രോസ് ലിസ്റ്റിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടം പിടിച്ചത്. ആഗോള തല ആദ്യ ദിന ഗ്രോസ് കളക്ഷൻ ലിസ്റ്റിലും ഈ ചിത്രങ്ങളാണ് മുന്നിൽ.
1 കോടി 20 ലക്ഷം രൂപയാണ് സ്ഫടികം റീ റിലീസ് ആദ്യ ദിനം നേടിയ ആഗോള ഗ്രോസ്. ദേവദൂതൻ 50 ലക്ഷത്തിനു മുകളിൽ ആദ്യ ദിനം ആഗോള ഗ്രോസ് ആയി നേടിയപ്പോൾ മണിച്ചിത്രത്താഴ് ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രമായി 50 ലക്ഷത്തിനു മുകളിലാണ് നേടിയത്.
മമ്മൂട്ടി നായകനായ പാലേരി മാണിക്യം, പൃഥ്വിരാജ് നായകനായ അൻവർ എന്നീ ചിത്രങ്ങളും അടുത്തിടെ റീ റിലീസ് ചെയ്തെങ്കിലും ബോക്സ് ഓഫീസിൽ ചലനം ഉണ്ടാക്കിയില്ല.
കേരളത്തിലെ 120 ഓളം സ്‌ക്രീനുകളിലാണ് വല്യേട്ടൻ റീ റിലീസ് ചെയ്തത്. 4k അറ്റ്‌മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 2000 ത്തിൽ റിലീസ് ചെയ്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഈ ഷാജി കൈലാസ് മാസ് ചിത്രം രചിച്ചത് രഞ്ജിത് ആണ്. അമ്പലക്കര ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചത്.