അഞ്ച് റിലീസുകൾ പ്രഖ്യാപിച്ച് ആശീർവാദ് സിനിമാസ്; 2025 ലെ മോഹൻലാൽ റിലീസുകൾ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ആശീർവാദ് സിനിമാസ് തീയേറ്ററുകളിൽ എത്തിക്കുന്ന അടുത്ത അഞ്ച് ചിത്രങ്ങളുടെ റിലീസ് അപ്‌ഡേറ്റ് പുറത്ത്. ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട വീഡിയോ അനൗൺസ്‌മെന്റ് ആയാണ് ഈ വിവരം പ്രേക്ഷകരിലേക്ക് എത്തിയത്. ഈ വർഷം അവസാനം എത്തുന്ന ബറോസ്, അടുത്ത വർഷം അവസാനം എത്തുന്ന തുടരും, എമ്പുരാൻ, ഹൃദയപൂർവം, ഋഷഭ എന്നിവയാണ് ആശീർവാദ് സിനിമാസ് റിലീസ് ചെയ്യാൻ പോകുന്ന മോഹൻലാൽ ചിത്രങ്ങൾ.

മോഹൻലാൽ സംവിധാനം ചെയ്ത് ആശീർവാദ് സിനിമാസ് നിർമ്മിച്ച ബറോസ് ആണ് ഇതിൽ ആദ്യം റിലീസ് ചെയ്യുക. ഈ വർഷം ഡിസംബർ 25 നു ക്രിസ്മസിനാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ത്രീഡി റിലീസായാണ് ചിത്രം എത്തുന്നത്. അതിനു ശേഷം ആശീർവാദ് സിനിമാസ് ആഗോള തലത്തിൽ വിതരണം ചെയ്യുന്ന മോഹൻലാൽ ചിത്രം “തുടരും” ആണ്. ജനുവരി 30 നാണു ചിത്രം റിലീസ് ചെയ്യുക. പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ്.

Advertisement

പിന്നീടെത്തുന്ന മോഹൻലാൽ ചിത്രം ആശീർവാദ് സിനിമാസ് നിർമ്മിച്ച് പൃഥ്വിരാജ് ഒരുക്കിയ എമ്പുരാൻ ആണ്. അടുത്ത വർഷം മാർച്ച് 27 നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം ബ്ലോക്ക്ബസ്റ്ററായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. അടുത്ത ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ ചിത്രമായ ഹൃദയപൂർവം എത്തുക. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രവും ആശീർവാദ് സിനിമാസ് തന്നെയാണ് നിർമ്മിക്കുക.

മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ഋഷഭയാണ് ആശീർവാദ് റിലീസ് ചെയ്യാൻ പോകുന്ന മറ്റൊരു ചിത്രം. അടുത്ത വർഷം ഒക്ടോബർ പതിനാറിന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോർ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ഒരുക്കുന്ന ചിത്രം എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളിൽ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേർന്നാണ് നിർമ്മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close