മമ്മൂട്ടിക്ക് പുതിയ റെക്കോർഡ്; റോഷാക്ക് കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. യുവ സംവിധായകൻ നിസാം ബഷീർ ഒരുക്കിയ ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ദിനം തൊട്ട് മികച്ച ബോക്സ് ഓഫിസ് പ്രകടനം നടത്തിയ ഈ ചിത്രത്തിന്റെ 11 ദിവസത്തെ ആഗോള കളക്ഷൻ പുറത്ത് വന്നുകഴിഞ്ഞു. ആദ്യ 11 ദിവസം കൊണ്ട് റോഷാക്ക് നേടിയ ആഗോള കളക്ഷൻ 30 കോടി രൂപയാണ്. കേരളത്തിൽ നിന്ന് 17 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം, റെസ്റ്റ് ഓഫ് ഇന്ത്യ, വിദേശ മാർക്കറ്റിൽ നിന്ന് ആകെ മൊത്തം 13 കോടിക്കു മുകളിൽ ഗ്രോസ് നേടിയെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഒരു വർഷം തന്നെ 3 ചിത്രങ്ങൾ 30 കോടി ആഗോള ഗ്രോസ് നേടുന്ന ആദ്യ മലയാള താരമായി മമ്മൂട്ടി മാറി. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി എന്നിവർക്കെല്ലാം തുടർച്ചയായി മൂന്ന് 30 കോടി ഗ്രോസ് നേടിയ ചിത്രങ്ങൾ ഉണ്ടെങ്കിലും അത് ഒരു കലണ്ടർ വർഷം ആയിരുന്നില്ല.

ആദ്യം മുതൽ തന്നെ പ്രേക്ഷകരെ മിസ്റ്ററിയുടെ ഒരന്തരീക്ഷത്തിലേക്കു കൂട്ടികൊണ്ടു പോവുന്ന രീതിയിൽ കഥ പറയുന്ന റോഷാക്ക് യുവ പ്രേക്ഷകരെയാണ് ഏറെയാകര്ഷിച്ചത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മെഗാസ്റ്റാറിനൊപ്പം ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും അഭിനയിച്ച ഈ ചിത്രം അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ ആണ് രചിച്ചത്. മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ചിത്രം കൂടിയാണ് റോഷാക്ക്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close