മെഗാസ്റ്റാറിന്റെ ഭ്രമയുഗം പൂർത്തിയായി; ഒരുങ്ങുന്നത് പാൻ ഇന്ത്യൻ റിലീസ്.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗത്തിന്റെ ചിത്രീകരണം പാലക്കാട് പൂർത്തിയായി. മമ്മൂട്ടിയുടെ ജന്മദിനത്തിന് റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായി മാറിയിരുന്നു. ഓഗസ്റ്റ് പതിനേഴിന് ചിത്രീകരണമാരംഭിച്ച ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗങ്ങൾ സെപ്റ്റംബർ പകുതിയോടെ തന്നെ പൂർത്തിയായിരുന്നു. നര കയറിയ മുടിയും താടിയും കാതിൽ കടുക്കനും നഗ്നമായ മേൽ ശരീരവും മാലയും കറ പിടിച്ച പല്ലുകളുമായി ഞെട്ടിക്കുന്ന മേക്കോവറിൽ ആണ് മമ്മൂട്ടി ഇതിലഭിനയിച്ചത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ എന്നിവരും വേഷമിടുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവനാണ്. ഒരുപാട് വർഷം മുൻപത്തെ ഒരു പ്രേതകഥ പറയുന്ന ഈ ചിത്രത്തിൽ നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ഒരു ദുർമന്ത്രവാദിയായാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പറയുന്നത്.

ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷമാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നും വാർത്തകൾ വന്നിരുന്നു. പ്രശസ്ത സാഹിത്യകാരനായ ടി ഡി രാമകൃഷ്ണനാണ് ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ഷെഹനാദ് ജലാൽ കാമറ ചലിപ്പിച്ച ഭ്രമയുഗത്തിന് സംഗീതമൊരുക്കുന്നത് ക്രിസ്റ്റി സേവ്യർ, എഡിറ്റ് ചെയ്യാൻ പോകുന്നത് ഷഫീക്ക് മുഹമ്മദ് അലി എന്നിവരാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close