മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ തന്നെ കേരളത്തിലെ പ്രധാന സ്‌ക്രീനുകളിലെല്ലാം ചിത്രത്തിന്റെ ബുക്കിംഗ് തുടങ്ങിയിരുന്നു. തൃശൂരിലെ പ്രശസ്തമായ രാഗം തീയേറ്ററിലും തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ ഭ്രമയുഗത്തിന്റെ ടിക്കറ്റ് വില്പന തുടങ്ങി. ഫെബ്രുവരി പതിനഞ്ചിനാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ വ്യാഴാഴ്ച രാവിലെ ഒൻപതര മുതലാണ് ഈ ചിത്രത്തിന്റെ ഷോകൾ ആരംഭിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സദാശിവനും നിർമ്മിച്ചിരിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിലുമാണ്.
സംവിധായകൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത് പ്രശസ്ത സാഹിത്യകാരനായ ടി ഡി രാമകൃഷ്ണനാണ്. ഷെഹനാദ് ജലാൽ കാമറ ചലിപ്പിച്ചിരിക്കുന്ന ഭ്രമയുഗത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീക്ക് മുഹമ്മദ് അലി എന്നിവരാണ്. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരും വേഷമിട്ടിരിക്കുന്നു. ടൈം ലൂപ്പ് ആസ്പദമാക്കിയുള്ള ഒരു പ്രമേയമാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. കേരളത്തിലെ ഒരു പഴയകാലഘട്ടത്തിൽ നിന്ന് കഥ പറയുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്