മുൻവിധികളുമായി ഈ ചിത്രം കാണാൻ വരരുത്; ഭ്രമയുഗത്തെ കുറിച്ച് മെഗാസ്റ്റാർ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഭ്രമയുഗം എന്ന ചിത്രത്തിന്റെ ട്രൈലെർ ഫെബ്രുവരി പത്തിന് അബുദാബിയിൽ വെച്ചാണ് ലോഞ്ച് ചെയ്തത്. അതോടൊപ്പം തന്നെ ഓൺലൈനിലും റിലീസ് ചെയ്ത ഈ ട്രെയിലറിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ടൈം ലൂപ്പ് ആസ്പദമാക്കിയുള്ള ഒരു പ്രമേയമാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രൈലെർ തരുന്നത്. കേരളത്തിലെ ഒരു പഴയകാലഘട്ടത്തിൽ നിന്ന് കഥ പറയുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരും വേഷമിട്ടിരിക്കുന്നു. നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രമാണ് ഇതിൽ മമ്മൂട്ടി ചെയ്തിരിക്കുന്നതെന്ന സൂചനയും ട്രൈലെർ തരുന്നുണ്ട്. കൂടുതൽ പല്ലുകളടക്കം വെച്ച് പിടിപ്പിച്ച ഇതിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ട്രൈലെർ ലോഞ്ച് ചടങ്ങിൽ മമ്മൂട്ടി ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. യാതൊരു വിധ മുൻവിധികളോടെയും ഈ ചിത്രം കാണാൻ വരരുത് എന്നാണ് അദ്ദേഹം ആരാധകരോടും പ്രേക്ഷകരോടും പറയുന്നത്. ശൂന്യമായ മനസ്സോടെ വേണം ഭ്രമയുഗം കാണാൻ വരാനെന്നും ഈ ചിത്രം അങ്ങേനെയായിരിക്കും ഇങ്ങനെയായിരിക്കും എന്നൊക്കെയുള്ള ചിന്തകൾ കൊണ്ട് വരരുത് എന്നും അദ്ദേഹം പറയുന്നു. ട്രൈലെർ കണ്ടപ്പോൾ പലതും തോന്നിക്കാണുമെങ്കിലും, ചിത്രം ഞെട്ടിക്കുമെന്നോ പേടിപ്പിക്കുമെന്നോ വിഭ്രമിപ്പിക്കുമെന്നോയുള്ള തരത്തിലുള്ള ചിന്തകൾ മാറ്റി വെച്ചിട്ട് വേണം ഇത് കാണാൻ വരേണ്ടതെന്ന് അദ്ദേഹം പറയുന്നു. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാണ് തീയേറ്ററുകളിൽ എത്തുക.

Advertisement

ഫെബ്രുവരി പതിനഞ്ചിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രം, ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ഷെഹനാദ് ജലാൽ ദൃശ്യങ്ങളൊരുക്കിയ ഭ്രമയുഗത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീക്ക് മുഹമ്മദ് അലി എന്നിവരാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close