മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ശക്തമായ വേഷമാകും സഖാവ് അലക്‌സ്. പരോൾ ശനിയാഴ്ച മുതൽ..

Advertisement

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സംവിധാനം ചെയ്ത പരോൾ ഈ ആഴ്ച റിലീസിന് എത്തുന്നു. മമ്മൂട്ടിയുടേതായി ഈ വർഷം വരുന്ന രണ്ടാമത് ചിത്രമാണ് പരോൾ. പേര് സൂചിപ്പിക്കും പോലെ തന്നെ ജയിലിൽപുള്ളിയുടെ കഥയാണ് ചിത്രം പറയുന്നത്. കുടുംബത്തോടൊപ്പം ഗ്രാമത്തിൽ ജീവിക്കുന്ന അലക്‌സ് എന്ന സഖാവിന് അപ്രതീക്ഷിതമായി നേരിടുന്ന പ്രശ്നങ്ങളും തുടർന്ന് ജയലിലേക്ക് എത്തുന്നതുമാണ് പ്രധാന ഇതിവൃത്തം. സഖാവ് അലക്സ് ആയി മമ്മൂട്ടി എത്തുമ്പോൾ നായിക വേഷം അവതരിപ്പിക്കുന്നത് ഇനിയയും മിയയും ചേർന്നാണ്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, പദ്മരാജൻ രതീഷ് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് വേഷങ്ങൾ ചെയ്യുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ 16 സെക്കൻഡ് നീണ്ട് നിൽക്കുന്ന രംഗം പുറത്തു വിട്ടിരുന്നു. മുൻപ് പുറത്തിറങ്ങിയ ട്രെയ്‌ലർ രംഗങ്ങൾക്കുമെല്ലാം മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ജയിൽ വാർഡൻ ആയിരുന്ന അജിത് പൂജപ്പുര ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ യഥാർത്ഥ സംഭവങ്ങളെയും ഞാൻ കണ്ടിട്ടുള്ളതും പ്രതികളിൽ നിന്ന് അറിഞ്ഞിട്ടുള്ളതുമായ കഥകൾ സംയോജിപ്പിച്ചു ഉണ്ടാക്കിയതാണെന്ന് മുൻപ് അജിത് പറഞ്ഞിരുന്നു. നിറക്കൂട്ട്, മതിലുകൾ, മുന്നറിയിപ്പ് തുടങ്ങി മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങൾ പിറന്ന ജയിൽ തന്നെ പശ്ചാത്തലം ആയത് കൊണ്ട് ചിത്രത്തെ കുറിച്ച് ഉള്ള പ്രതീക്ഷകളും വളരെ വലുതാണ്. രാഷ്ട്രീയം ചർച്ചയാക്കുന്നുണ്ടെങ്കിലും കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഇതുവരെ കണ്ടതിൽ വച്ചു വ്യത്യസ്തനായ ഒരു സഖാവിനെ ആയിരിക്കും നമുക്ക് കാണാൻ ആവുക എന്നു തന്നെയാണ് അണിയറ പ്രവർത്തകരുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. സുപ്രസിദ്ധ ഛായാഗ്രഹകൻ ലോകനാഥൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത് ശരത്തും നവാഗതനായ എൽവിൻ ജോഷ്വ യും ചേർന്നാണ്. ആന്റണി ഡിക്രൂസ് നിർമിച്ച ചിത്രം സെഞ്ചുറി ഫിലിംസ് വിതരണത്തിന് എത്തിക്കുന്നു. ചിത്രം ശനിയാഴ്ച തീയറ്ററുകളിൽ എത്തുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close