മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളത്തിലെ വമ്പൻ സംവിധായകരുടെ നിരയിലേക്ക് ഉയർന്ന ആളാണ് ദിലീഷ് പോത്തൻ.
തുടർന്ന് ഈ വർഷം വന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും കൂടെ വലിയ വിജയമായപ്പോൾ ദിലീഷ് പോത്തന്റെ മൂല്യം ഇരട്ടിയായി. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമ ലോകവും.
ആരെ വെച്ചാകും ദിലീഷ് പോത്തൻ പുതിയ സിനിമ ചെയ്യുക എന്ന ചോദ്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ പുതിയ ഒരു വാർത്ത പിറന്നു.
ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്നു. എന്നാൽ ഈ വാർത്തകളെ കുറിച്ച് ഒടുവിൽ ദിലീഷ് പോത്തൻ പ്രതികരിക്കുന്നു.
“ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ചർച്ചകൾ നടക്കുന്നുണ്ട്. മമ്മൂക്കയ്ക്ക് ചേരുന്ന കഥകൾ ഉണ്ട്. മറ്റു താരങ്ങൾക്ക് ചേരുന്ന കഥകളുമുണ്ട്.
എന്നാൽ ഏത് സിനിമ ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്ത് തന്നെയായാലും 2018ന്റെ അവസാനം വരെ സിനിമകൾ ഒന്നും ചെയ്യുന്നില്ല” ദിലീഷ് പോത്തൻ വ്യക്തമാക്കുന്നു.