മലയാളത്തിന്റെ മഹാനടനായ മോഹൻലാലിനെ തേടി പത്മ ഭൂഷൺ പുരസ്‌കാരം ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. പ്രേം നസീറിന് ശേഷം ഈ ബഹുമതി ലഭിക്കുന്ന ആദ്യ മലയാള നടൻ ആണ് മോഹൻലാൽ. മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷമാണു ഒരു മലയാള നടൻ ഈ നേട്ടത്തിന് അർഹനാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മലയാള സിനിമക്കും, ഇന്ത്യൻ സിനിമക്കും അദ്ദേഹം നൽകിയ സമഗ്ര സംഭാവന മുൻനിർത്തിയാണ് മോഹൻലാലിന് ഈ പുരസ്‌കാരം നൽകി ആദരിക്കുന്നത്. അഭിനയ ജീവിതത്തിന്റെ നാൽപ്പതു വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ആണ് അദ്ദേഹം ഈ ബഹുമതിക്ക് അർഹനാകുന്നത്. ഇപ്പോൾ മോഹൻലാലിനെ തേടി രാജ്യമെങ്ങു നിന്നും അഭിനന്ദന പ്രവാഹമാണ്. ഇപ്പോൾ തന്റെ പ്രീയപ്പെട്ട ലാലിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്.
തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി ആണ് മെഗാ സ്റ്റാർ മമ്മൂട്ടി മോഹൻലാലിനു അഭിനന്ദനങ്ങൾ നേർന്നത്. മോഹൻലാലും ആയി വലിയ സൗഹൃദം പുലർത്തുന്ന മമ്മൂട്ടി തന്റെ പ്രീയപ്പെട്ട ലാലുവിന് അഭിനന്ദനം നൽകിയത് ആരാധകരും ഏറ്റെടുക്കുകയാണ്. മമ്മൂട്ടി മാത്രമല്ല, മലയാള സിനിമയിലെ പ്രമുഖർ എല്ലാവരും തന്നെ മോഹൻലാലിന് അഭിനന്ദനവുമായി എത്തി കഴിഞ്ഞു. പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അജു വർഗീസ്, ശ്രീകുമാർ മേനോൻ, ദുർഗ കൃഷ്ണ, വിനീത് ശ്രീനിവാസൻ, സാനിയ, തുടങ്ങി മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും സംവിധായകരും സാങ്കേതിക പ്രവർത്തകരും മോഹൻലാലിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. ഇപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷനിൽ ഹൈദരാബാദിൽ ആണ് മോഹൻലാൽ.