മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞ ഒരു വാചകം വലിയ വിവാദമായി മാറിയിരുന്നു. ജൂഡ് ആന്‍റണി ഒരുക്കിയ 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വിട്ട ചടങ്ങിൽ വെച്ച് മമ്മൂട്ടി നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്, ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നാണ്. പക്ഷെ അദ്ദേഹം പറഞ്ഞ ആ വാചകം ഒരാളെ ബോഡി ഷെയിമിങ് നടത്തുന്നതിന് തുല്യമാണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. മമ്മൂട്ടിക്ക് പിന്തുണയുമായി ഈ വിഷയത്തിൽ ജൂഡ് ആന്റണി ജോസഫ് തന്നെ മുന്നോട്ടു വരികയും ചെയ്തു. താൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്നും, മമ്മൂക്ക തന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് ജൂഡ് ആന്റണി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.
ഏതായാലും ഇപ്പോൾ ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജ് വഴി പുറത്ത് വിട്ട കുറിപ്പിലൂടെയാണ് മമ്മൂട്ടി ഈ വിഷയത്തിലുള്ള തന്റെ ഖേദം അറിയിച്ചത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, “പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി..”. ഏതായാലും മമ്മൂട്ടിയുടെ ഖേദ പ്രകടനത്തോടെ ഈ വിവാദം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകരും അദ്ദേഹത്തെ സ്നേഹിക്കുന്നവരും.