ഇന്നലെ ആയിരുന്നു താര സംഘടനയായ അമ്മയുടെ ഇരുപത്തിയഞ്ചാമതു ജനറൽ ബോഡി യോഗം. ആ യോഗത്തിൽ ആണ് അമ്മയുടെ ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള ചില വസ്തുതകൾ അവതരിപ്പിച്ചത്. എന്നാൽ അവിടെ അവതരിപ്പിക്കപ്പെട്ട ഭേദഗതിയിൽ കൂടുതൽ ചർച്ച വേണം എന്ന അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്തു ഭരണ ഘടന ഭേദഗതി തൽക്കാലത്തേക്ക് മരവിപ്പിക്കുകയാണ് ചെയ്തത്. അതിനിടയിൽ മെഗാ സ്റ്റാർ മമ്മൂട്ടി ഉന്നയിച്ച ആവശ്യവും ശ്രദ്ധേയമായി. അമ്മയിൽ നിന്ന് രാജി വെച്ച് പോയ നടിമാരെ തിരിച്ചെടുക്കണം എന്നാണ് മമ്മൂട്ടി ആവശ്യപ്പെട്ടത്. അവർ അമ്മയിലേക്കു തിരിച്ചു വരുന്നതിൽ സന്തോഷമേ ഉള്ളു എന്നും കൃത്യമായി നടപടി ക്രമം പാലിച്ചു അപേക്ഷ നൽകിയാൽ അവരെ തിരിച്ചെടുക്കാം എന്ന് ‘അമ്മ നേതൃത്വം അറിയിക്കുകയും ചെയ്തു.
അപേക്ഷ ഫീസ് പോലും മേടിക്കാതെ അവരെ തിരിച്ചെടുക്കണം എന്നും മമ്മൂട്ടി അതിനു ശേഷം ആവശ്യപ്പെട്ടു. അതിനും തയ്യാറാണ് എന്ന തരത്തിലാണ് ‘അമ്മ നേതൃത്വം ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ സൂചിപ്പിച്ചതു. വനിതാ അംഗങ്ങൾ ഉയർത്തിയ ആവശ്യങ്ങളിൽ ചർച്ച ഉണ്ടാകണം എന്നും എല്ലാവരുടെയും അഭിപ്രായം അറിഞ്ഞതിനു ശേഷമാവണം ഭരണഘടന ഭേദഗതി അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടത് എന്നും മമ്മൂട്ടി ഉൾപ്പെടെ ഉള്ള അംഗങ്ങൾ വ്യക്തമാക്കി. മമ്മൂട്ടി, പാർവതി, രേവതി, ജോയ് മാത്യു, ഷമ്മി തിലകൻ, ലക്ഷ്മി ഗോപാല സ്വാമി എന്നിവരാണ് പ്രധാനമായും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഡബ്ള്യു സി സി അംഗങ്ങൾ ഉയർത്തിയ ആശങ്കകൾ പരിഗണിക്കണം എന്നും ഇവർ ആവശ്യപ്പെട്ടു.