മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് കടുഗന്നാവ: ഒരു യാത്രക്കുറിപ്പ്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്താണ്. എം.ടി. വാസുദേവന്‍ നായരുടെ ആത്മകഥാംശമുള്ള ഒരു കഥാപാത്രം കൂടിയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എം.ടിയുടെ പത്ത് കഥകളെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിന്റെ ഒരു ഭാഗമായാണ് ഈ മമ്മൂട്ടി- രഞ്ജിത് ചിത്രം ഒരുങ്ങുന്നത്. ശ്രീലങ്കയിലായിരുന്നു ഈ ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. അവിടെ നാല് ദിവസത്തെ ഷൂട്ടിനെത്തിയ മമ്മൂട്ടിയെ, അവിടുത്തെ സര്‍ക്കാര്‍ പ്രതിനിധിയായ, മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ പോയി കണ്ടതും അവർ ഒരുമിച്ചെടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ഇതിന്റെ ഛായാഗ്രാഹകനായ സുജിത് വാസുദേവ്. മമ്മൂട്ടിക്കൊപ്പം ശ്രീലങ്കയിലെ ചിത്രീകരണാനുഭവത്തെക്കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്. തന്നെ സംബന്ധിച്ച് ശ്രീലങ്കയില്‍ സംഭവബഹുലമായ ഒരു ദിവസമായിരുന്നു അതെന്നും, എന്നാൽ ജോലിയുമായി ബന്ധപ്പെട്ട ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മമ്മുക്ക കൂളായിരുന്നെന്നും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് സുജിത് വാസുദേവ് പറയുന്നു. മമ്മൂക്ക, ശങ്കര്‍ രാമകൃഷ്ണന്‍, കലാസംവിധായകന്‍ പ്രശാന്ത് മാധവ് ഇവര്‍ക്കെല്ലാം ഒപ്പമുള്ള അനുഭവം മനോഹരമായിരുന്നെന്നും അദ്ദേഹം കുറിച്ചു. കെ. വേണുഗോപാല്‍ എന്ന നായക കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയവതരിപ്പിക്കുന്നത്. എം.ടിയുടെ മകള്‍ അശ്വതി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, മഹേഷ് നാരായണന്‍ എന്നിവരും ഈ നെറ്റ്ഫ്ലിക്സ് സീരിസിൽ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.