ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം നേടിയത് അഭൂതപൂർവമായ വിജയമാണ്. പ്രേക്ഷകരും നിരൂപകരും ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം ഇപ്പോൾ തമിഴിലെ ഇൻഡസ്ട്രി ഹിറ്റ് കൂടിയായി മാറിക്കഴിഞ്ഞു. കമൽ ഹാസൻ തന്നെ തന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ കുതിക്കുന്നത് 400 കോടിയെന്ന ആഗോള ഗ്രോസ് മാർക്കിലേക്കാണ്. കമൽ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, അതിഥി വേഷം ചെയ്തു കൊണ്ട് സൂര്യ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമായി. ഇവർക്കൊപ്പം ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, വാസന്തി, ഗായത്രി ശങ്കർ എന്നിവരും ഈ ചിത്രത്തിലെ പ്രകടനത്തിന് പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇതിലെ ആക്ഷൻ രംഗങ്ങളൊക്കെ വലിയ കയ്യടിയാണ് നേടിയത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്നൊഴിവാക്കിയ ഒരു രംഗത്തെ കുറിച്ചും, അതൊഴിവാക്കാനുണ്ടായ കാരണത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ലോകേഷ് കനകരാജ്.
ഗലാട്ട മീഡിയക്കു വേണ്ടി ഭരദ്വാജ് രംഗൻ നടത്തിയ അഭിമുഖത്തിലാണ് ലോകേഷ് ഇത് വെളിപ്പെടുത്തുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ വിക്രം സിനിമയ്ക്കു ലോകേഷിന്റെ കാർത്തി ചിത്രമായ കൈതിയുമായും ബന്ധമുണ്ട്. അപ്പോൾ അതിൽ വളരെ നിർണ്ണായകമായ ഒരു വേഷം ചെയ്ത ജോർജ് മരിയൻ ഈ ചിത്രത്തിൽ കടന്നു വരുന്ന ഒരു രംഗമുണ്ടായിരുന്നെന്നും, എന്നാൽ സമയ ദൈർഖ്യത്തിന്റെ പ്രശ്നങ്ങൾ മൂലമാണ് ആ സീൻ ഒഴിവാക്കേണ്ടി വന്നതെന്നും ലോകേഷ് പറയുന്നു. നെപ്പോളിയൻ എന്ന പോലീസ് കഥാപാത്രമായി വന്നാണ് കൈതിയിൽ ജോര്ജ് മരിയൻ വലിയ കയ്യടി നേടിയെടുത്തത്. കൈതി സിനിമയിലെ നരെയ്ൻ, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ, ഹരീഷ് പേരാടി എന്നിവർ ചെയ്ത കഥാപാത്രങ്ങൾ വിക്രത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.