പൃഥ്വിരാജ് ചിത്രം കടുവ; കഥ മോഷണമെന്നാരോപിച്ചു ഹൈക്കോടതിയിൽ ഹർജി

Advertisement

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം വരുന്ന ജൂൺ മുപ്പതിന് മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യാൻ പോവുകയാണ്. ഇതിനോടകം ഇതിന്റെ രണ്ടു മാസ്സ് ടീസറുകളും ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ ഈ ചിത്രത്തിനെതിരെ ഹൈക്കോടതിൽ ഒരു ഹർജി ചെന്നിരിക്കുകയാണ്. ഈ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി ഒരു തമിഴ് നാട് സ്വദേശിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എച്ച്. മഹേഷ് എന്ന വ്യക്തിയാണ് തന്റെ കഥ മോഷ്‌ടിച്ചു എന്നാരോപിച്ച് മുന്നോട്ടു വന്നിരിക്കുന്നത്. കോടതി ഈ ഹർജി ഫയലിൽ സ്വീകരിച്ചിട്ടുമുണ്ട്.

പാലാ സ്വദേശിയായ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന വ്യക്തിയുടെ നിയമപോരാട്ടം പ്രമേയമാക്കി ജിനു എബ്രഹാം രചിച്ച ഈ ചത്രത്തിൽ കുറുവച്ചനായി പൃഥ്വിരാജ് സുകുമാനും വില്ലൻ വേഷത്തിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുമാണ് അഭിനയിക്കുന്നത്. നേരത്തെ സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പനെന്ന ചിത്രവും ഇതേ കഥയാണ് പറയുന്നതെന്നു പേരിൽ ഈ രണ്ടു ചിത്രങ്ങളുടെയും അണിയറ പ്രവർത്തകർ തമ്മിൽ നിയമ പോരാട്ടം നിലനിന്നിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സംയുക്ത മേനോനാണ് നായികാ വേഷം ചെയ്യുന്നത്. പാലാ സബ് കോടതിയിൽ ഇടക്കാല ഉത്തരവിനുള്ള അപേക്ഷ സ്വീകരിക്കാത്തതിനെ തുടർന്നാണ് മഹേഷ് എന്ന വ്യക്തി ഇപ്പോൾ ഈ ചിത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close