തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ലോകേഷ് ഒരുക്കിയ ലിയോ ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. വിജയ് നായകനായ ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സജീവമായ ലോകേഷ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ വലിയ ശ്രദ്ധയാണ് നേടുന്നത്. പത്ത് ചിത്രങ്ങൾ ഒരുക്കിയതിന് ശേഷം താൻ സിനിമാ ജീവിതം അവസാനിപ്പിക്കും എന്ന് പറയുന്ന ലോകേഷ് ഇനി താൻ ചെയ്യാൻ പോകുന്ന നാല് ചിത്രങ്ങൾ ഏതൊക്കെയാണെന്നും പുറത്തു വിട്ടു. രജനികാന്ത് ചിത്രം തലൈവർ 171 , കൈതി 2 , വിക്രം 2 , റോളക്സ് എന്നിവയാണ് ആ ചിത്രങ്ങളെന്നും, പത്താം ചിത്രം ചിലപ്പോൾ സൂര്യ നായകനായ ഇരുമ്പുകൈ മായാവി ആയേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനിടയിൽ താൻ ചെയ്യാൻ പ്ലാൻ ചെയ്ത മറ്റൊരു ചിത്രത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാൻ പ്ലാൻ ചെയ്ത ആ ചിത്രം നടന്നില്ലെന്നും, മഫ്തി എന്നായിരുന്നു അതിന്റെ പേരെന്നും ലോകേഷ് പറയുന്നു.
തന്റെ പോലീസ് യൂണിഫോമിന്റെ അളവ് വലുതായി പോയത് കൊണ്ട്, അത് നേരെയാക്കാൻ ഒരു തയ്യൽകടയിൽ പോകുന്ന പോലീസ് ഓഫീസർ, യൂണിഫോമിന്റെ അളവ് ശരിയാക്കി കിട്ടുന്നത് വരെ അവിടെ കാത്തിരിക്കുന്ന രണ്ട് മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിൽ പറയുകയെന്നും ലോകേഷ് വെളിപ്പെടുത്തി. എന്നാൽ ഈ ചിത്രം ചെയ്യാനുള്ള സമയം തനിക്ക് ഇല്ലാത്തത് കൊണ്ട് ഈ കഥ തന്റെ ഏതെങ്കിലും സംവിധാന സഹായികൾക്ക് നൽകുമെന്നും, അവർ ഈ ചിത്രം യാഥാർഥ്യമാക്കിയേക്കാമെന്നും ലോകേഷ് പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകേഷിന്റെ വിക്രം എന്ന ചിത്രത്തിൽ അമർ എന്ന നിർണ്ണായക കഥാപാത്രമായി ഫഹദ് ഫാസിൽ അഭിനയിച്ചിരുന്നു. കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ഉണ്ടാക്കിയ ഇദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലിയോയും ഈ യൂണിവേഴ്സിന്റെ ഭാഗമാണെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.