മമ്മൂട്ടിയുടെ ഗ്യാങ്സ്റ്ററിന് രണ്ടാം ഭാഗം; ആഷിക് അബു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി നിർമ്മാതാവ്.

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് ഗ്യാങ്സ്റ്റർ. അഹമ്മദ് സിദ്ദിഖും അഭിലാഷ് എസ് കുമാറും ചേർന്ന് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചത് സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്നാണ്. 2014 ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്ത ഈ ചിത്രം വലിയ ഹൈപ്പോടെയാണ് എത്തിയതെങ്കിലും, പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. വലിയ വിമർശനങ്ങളും ഏറ്റു വാങ്ങിയ ഈ ചിത്രം വലിയ നഷ്ടമാണ് വരുത്തിയതെന്നും നിർമ്മാതാവ് സന്തോഷ് ടി കുരുവിള പറയുന്നു. എന്നാൽ ഇതിൽ മമ്മൂട്ടി അവതരിപ്പിച്ച അക്ബർ അലി ഖാൻ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രം ആരാധകർക്ക് പ്രീയപെട്ടതാണെന്നും, അത് കൊണ്ട് തന്നെ ഗ്യാങ്സ്റ്ററിൽ വരുത്തിയ പിഴവുകൾ എല്ലാം തന്നെ തിരുത്തികൊണ്ട് അതിനൊരു രണ്ടാം ഭാഗം ആഷിക് അബുവിന്റെ ചിന്തകളിലുണ്ടെന്നും സന്തോഷ് ടി കുരുവിള വെളിപ്പെടുത്തി.

അതിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെ പറ്റി ആഷിക് പല തവണ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും, പല പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയതാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ആ ചിന്ത ആഷിക് അബു പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും സന്തോഷ് ടി കുരുവിള കൂട്ടിച്ചേർത്തു. ശ്യാം പുഷ്‌കറിന്റെ രചനയിലാകും ഗ്യാങ്സ്റ്റർ 2 ഒരുങ്ങുകയെന്ന ചില റിപ്പോർട്ടുകളും ഇടക്ക് വന്നിരുന്നു. മമ്മൂട്ടിയുമൊത്ത് ആഷിക് അബു വീണ്ടും ഒന്നിക്കുന്ന ചിത്രമായി ഗ്യാങ്സ്റ്റർ 2 മാറുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. ഡാഡി കൂൾ എന്ന മമ്മൂട്ടി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ആഷിക് അബുവിന് വലിയ ശ്രദ്ധയും പ്രശംസയും നേടിക്കൊടുത്തത് തന്റെ രണ്ടാമത്തെ ചിത്രമായ സാൾട് ആൻഡ് പെപ്പർ ആയിരുന്നു. അതിനു ശേഷം 22 ഫീമെയിൽ കോട്ടയം, വൈറസ്, മായാനദി തുടങ്ങിയ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close