”ആവേശകടൽ” കേരളത്തിലെ ലിയോ ആവേശം അതിരുകടന്നു; ലോകേഷ് കനകരാജിന് പരിക്ക്

Advertisement

ആഗോള തലത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടുന്ന ദളപതി വിജയ് ചിത്രം ലിയോ കേരളത്തിലും തരംഗമായി മുന്നോട്ട് കുതിക്കുകയാണ്. കേരളത്തിൽ ഇതിനോടകം ആദ്യ അഞ്ച് ദിവസം കൊണ്ട് റെക്കോർഡ് കളക്ഷൻ നേടിയ ഈ ചിത്രത്തിനെ എല്ലാത്തരം പ്രേക്ഷകരും ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ലിയോയുടെ വിജയം ആഘോഷിക്കാൻ, കേരളത്തിലെ തീയേറ്ററുകൾ സന്ദർശിക്കാൻ സംവിധായകൻ ലോകേഷ് കനകരാജ് ഇന്ന് കേരളത്തിലെത്തിയിരുന്നു. എന്നാൽ പാലക്കാട് അരോമ തീയേറ്റർ സന്ദർശിക്കവെ, ലോകേഷിനെ കണ്ട് നിയന്ത്രണം വിട്ട ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് അദ്ദേഹത്തിന് പരിക്ക് പറ്റിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കാലിന് പരിക്ക് പറ്റിയ അദ്ദേഹത്തെ ഉടനെ തന്നെ അടുത്തുള്ള ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. നിയന്ത്രണങ്ങൾ മറികടന്ന് അതിരുവിട്ട ആരാധകരെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു.

പരിക്ക് പറ്റിയതോടെ കേരളത്തിലെ മറ്റ് ചില തീയേറ്ററുകൾ സന്ദർശിക്കാനുള്ള തീരുമാനം ലോകേഷ് ഒഴിവാക്കുകയും ചെയ്തു. തൃശൂർ രാഗം തീയേറ്റർ, കൊച്ചി കവിത തീയേറ്റർ എന്നിവയും ഇന്ന് സന്ദർശിക്കാൻ ലോകേഷിന് പ്ലാൻ ഉണ്ടായിരുന്നു. കമൽ ഹാസൻ നായകനായ വിക്രം എന്ന ചിത്രത്തിന്റെ റിലീസ് സമയത്ത് ലോകേഷ് രാഗം തീയേറ്റർ സന്ദർശിച്ചിരുന്നു. അത്പോലെ ഇന്ന് കൊച്ചിയിൽ വെച്ച് നടത്തിനിരുന്ന ലോകേഷിന്റെ പ്രസ് മീറ്റും മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ കേരളത്തിൽ വിതരണം ചെയ്ത ലിയോ നിർമ്മിച്ചിരിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്. വിജയ്‌ക്കൊപ്പം തൃഷ, അർജുൻ, സഞ്ജയ് ദത്ത് എന്നിവരും വേഷമിട്ട ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ അംഗം കൂടിയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close