2023 എന്ന വർഷത്തിലെ ഏഴു മാസങ്ങൾ പിന്നിടുമ്പോൾ കേരളാ ബോക്സ് ഓഫീസിൽ കാര്യങ്ങൾ അത്ര സുഖകരമല്ല എന്ന റിപ്പോർട്ടുകളാണ് നമ്മുക്കറിയാൻ സാധിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ ഭാഷകളിലായി 270 ചിത്രങ്ങളാണ് ഇതുവരെ ഈ വർഷം കേരളത്തിൽ റിലീസ് ചെയ്തത്. എന്നാൽ അതിൽ വെറും ഒൻപത് ചിത്രങ്ങൾ മാത്രമാണ് ബോക്സ് ഓഫീസ് ഹിറ്റ് എന്ന് പറയാവുന്നത്. ചെറിയ ബഡ്ജറ്റിൽ വന്ന രണ്ട് ചിത്രങ്ങൾ ശരാശരി വിജയവും കരസ്ഥമാക്കി. മലയാള ചിത്രങ്ങളേക്കാൾ കൂടുതൽ അന്യ ഭാഷാ ചിത്രങ്ങളാണ് ഈ വർഷം നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.
മലയാളത്തിൽ നിന്ന് ഈ വർഷം ഹിറ്റ് സ്റ്റാറ്റസ് നേടിയ ചിത്രങ്ങൾ രോമാഞ്ചം, സ്ഫടികം റീ റിലീസ്, 2018 , മധുര മനോഹര മോഹം എന്നിവയാണ്. ഇതിൽ രോമാഞ്ചം അൻപത് കോടി ക്ലബിൽ ഇടം പിടിച്ചപ്പോൾ, 2018 എന്ന ചിത്രം 175 കോടിയോളം ആഗോള ഗ്രോസ് നേടി മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറി. നെയ്‌മർ, 18+ എന്നിവയാണ് ശരാശരി വിജയവുമായി നേട്ടമുണ്ടാക്കിയ മറ്റ് രണ്ട് മലയാള ചിത്രങ്ങൾ. സൂപ്പർ താരങ്ങളുടെയടക്കം ചിത്രങ്ങൾക്ക് ഈ വർഷം ബോക്സ് ഓഫീസിൽ അടിതെറ്റി. നിലവിൽ ജനപ്രിയ നായകൻ ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥൻ മികച്ച ഓപ്പണിങ് കളക്ഷനുമായി തീയേറ്ററുകളിൽ ഉണ്ട്.
ഹിന്ദി ചിത്രമായ പത്താൻ, തമിഴ് ചിത്രമായ പോർ തൊഴിൽ, ഹോളിവുഡ് ചിത്രങ്ങളായ ജോൺ വിക്ക് 4 , മിഷൻ ഇമ്പോസ്സിബിൾ 7 , ഒപ്പൻഹൈമർ എന്നിവയാണ് ഈ വർഷം ഇവിടെ വിജയം നേടിയ അന്യഭാഷാ ചിത്രങ്ങൾ. ഇനി വരുന്ന ദിവസങ്ങളിൽ വരുന്ന , ജയിലർ, കിംഗ് ഓഫ് കൊത്ത, ബാന്ദ്ര, ലിയോ, ജവാൻ, സലാർ, രാമചന്ദ്ര ബോസ് ആൻഡ് കോ തുടങ്ങിയ ചിത്രങ്ങൾ തീയേറ്ററുകളിൽ ആളെ നിറക്കുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാ ലോകം.