കലാഭവൻ മണിയെ പോലെ മലയാള സിനിമാ പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച വ്യക്തിയുണ്ടോ എന്ന് സംശയമാണ്. വളരെ ചെറിയ ചുറ്റുപാടിൽ നിന്നും കടന്ന് വന്ന് മലയാള സിനിമയുടെ നെറുകയിൽ എത്തിയ വ്യകതി. പക്ഷെ വന്ന വഴി മറക്കാതെ സ്വന്തം നാടിനെ ജീവനോളം സ്നേഹിച്ച ചാലക്കുടിക്കാരൻ. നൊമ്പരമുണർത്തുന്ന ഒരുപിടി നാടൻപാട്ടുകളും മികച്ച ഭിനയ മുഹൂർത്തങ്ങളും നൽകി അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട് രണ്ട് വർഷമായി എങ്കിൽ കൂടിയും അദ്ദേഹത്തിന്റെ ഓർമ്മകളാണ് എങ്ങും. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മകൾ ശ്രീലക്ഷ്മിയുടെ പഠനം. ശ്രീലക്ഷ്മിയെ കുറിച്ച് കലാഭവൻ മണിക്കുണ്ടായിരുന്ന പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവച്ചാണ് സഹോദരൻ രാമകൃഷ്ണൻ ഫേസ്‌ബുക്കിലൂടെ എത്തിയത്. പത്താം ക്ലാസ്സിൽ വിജയം ഉന്നത നേടിയാൽ ജാഗ്വാർ വാങ്ങി നൽകാമെന്നായിരുന്നു മാണിയുടെ അന്നത്തെ വാക്ക്. അന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മിക്ക് കലാഭവൻ മണി കാർ സമ്മാനിച്ചിരുന്നു. ഇന്നിതാ ശ്രീലക്ഷ്മി പ്ലസ് 2 കഴിഞ്ഞിരിക്കുന്നു.
പ്ലസ് 2വിന്റെ റിസൾട്ട് കഴിഞ്ഞ ദിവസം വന്നപ്പോൾ മികച്ച വിജയം തന്നെയാണ് ശ്രീലക്ഷ്‌മി കരസ്ഥമാക്കിയിരിക്കുന്നത്. എന്നാൽ ഇത്തവണ ശ്രീലക്ഷ്മിയുടെ വിജയത്തിന് അഭിന്ദനമേകാനും സമ്മാനം നൽകുവാനും കലാഭവൻ മണിയില്ല. മകൾ പാവങ്ങൾക്ക് അത്താണിയാവുന്ന ഒരു ഡോക്ടറാവണം, ഒരു ആശുപത്രി പണിയണം ഇതെല്ലാമായിരുന്നു കലാഭവൻ മണിയുടെ ആഗ്രഹങ്ങൾ. പാവങ്ങളുടെ ഡോക്ടർ എന്നതിനപ്പുറം ,അച്ഛനെ ഓർത്ത് നെഞ്ചു പിടഞ്ഞു വരുന്നവർക്കൊക്കെ അച്ഛനെ പോലെ സ്നേഹവും, ആശ്വാസവും നൽകണം. കലാഭവൻ മണിയുടെ ഈ വാക്കുകൾ സഫലീകരിക്കാനുള്ള പ്രയത്നത്തിലാണ് മകൾ ഇപ്പോൾ.