മാനഗരം, കൈതി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ നേടിയെടുത്ത സംവിധായകൻ ആണ് ലോകേഷ് കനകരാജ്. തമിഴ് സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ എന്ന വിശേഷണം ഇപ്പോഴേ ഈ പ്രതിഭ നേടിക്കഴിഞ്ഞു. കണ്ടു മടുത്ത സിനിമാ ശീലങ്ങളിൽ നിന്ന് മാറിയാണ് ലോകേഷ് കനകരാജ് തന്റെ ചിത്രങ്ങൾ ഒരുക്കുന്നത്. കഥയ്ക്ക് പ്രാധാന്യം നൽകുന്ന ഈ സംവിധായകൻ നായകന്റെ താര മൂല്യമോ ഇമേജോ നോക്കിയോ ഭയപ്പെട്ടു അല്ല തന്റെ ചിത്രങ്ങൾ ഒരുക്കുന്നത്. ഇപ്പോൾ തന്നെ ഗംഭീര വിജയം നേടി മുന്നേറുന്ന കാർത്തി നായകനായ കൈതിയിൽ ഒരു ഗാനം പോലും ഇല്ല. നായികയും ഇല്ലാത്ത ഈ ചിത്രം പൂർണമായും രാത്രിയിൽ ആണ് ഒരുക്കിയിരിക്കുന്നത്.
തന്റെ ചിത്രത്തിന്റെ നിലവാരം ഉറപ്പാക്കണം എന്ന് നിർബന്ധമുള്ള ഈ സംവിധായകൻ ഇപ്പോൾ തന്റെ മൂന്നാമത്തെ ചിത്രം ഒരുക്കുന്ന തിരക്കിൽ ആണ്. ദളപതി വിജയ് നായകനായി എത്തുന്ന ഈ ചിത്രവും യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാതെ ആണ് ലോകേഷ് കനകരാജ് ഒരുക്കുന്നത്. വിജയ് ചിത്രങ്ങൾ പലപ്പോഴും ഒരു പ്രത്യേക ഫോർമാറ്റിൽ ആണ് ഒരുക്കപ്പെടുന്നത്. ഒന്നിലധികം നായികമാരും, ഒരുപാട് സംഘട്ടനവും പാട്ടും നൃത്തവും എല്ലാം ആയി ഒരു കംപ്ലീറ്റ് കൊമേർഷ്യൽ പാക്കേജ് ആയാണ് വിജയ് ചിത്രങ്ങൾ എത്തുന്നത്.
എന്നാൽ തന്റെ ചിത്രത്തിൽ അങ്ങനെ യാതൊരു വിധ കോംപ്രമൈസും ചെയ്യില്ല എന്നും സ്ഥിരം കാണുന്ന ഒരു വിജയ് സിനിമ ആവില്ല ഇതെന്നും ലോകേഷ് പറയുന്നു. നായികയോ മറ്റു വിജയ് ഫോര്മാറ്റുകളോ ഉപയോഗിക്കാത്ത ചിത്രം ആവും ഇതെന്നും വിജയ് എന്ന നടനെ വെച്ച് പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ ഒരു ചിത്രം ഒരുക്കാൻ സാധിക്കും എന്നും ലോകേഷ് പറഞ്ഞു. ഇപ്പോൾ സൂപ്പർ ഹിറ്റായി മാറിയ കൈതി എന്ന തന്റെ കാർത്തി ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ട് എന്നും ലോകേഷ് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ്- ലോകേഷ് ചിത്രത്തിൽ വിജയ് സേതുപതിയും ഉണ്ടെന്നതാണ് ഈ ചിത്രത്തിൽ ഉള്ള പ്രതീക്ഷ വളരെ വലുതാക്കുന്നതു.