മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കു മുൻപേ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് ആ റിപ്പോർട്ടിൽ ഉള്ളത് എന്നാണ് പറയപ്പെടുന്നത്. മലയാള സിനിമയിൽ സ്ത്രീകൾക്ക് എതിരെ വലിയ തോതിൽ വിവേചനം നടക്കുന്നുണ്ട് എന്നും അവസരം ലഭിക്കാൻ സ്ത്രീകൾക്ക് കിടപ്പറ പങ്കിടുക എന്നത് അനിവാര്യമായി തീർന്ന അവസ്ഥയാണ് നിലനിൽക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് എന്നാണ് സൂചന. ഇപ്പോൾ സമർപ്പിക്കപ്പെട്ട ഹേമ കമ്മീഷന്റെ റിപ്പോർട്ട് മലയാള സിനിമയിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻസ് ഇൻ സിനിമ കളക്ടിവ് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.
അവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആണ് 2017 ജൂലായ് മാസത്തിൽ സർക്കാർ ഹേമ കമ്മീഷന് രൂപം നൽകിയത്. അതിനു ശേഷം രണ്ടര വർഷത്തോളം നീണ്ട തെളിവെടുപ്പിന് ശേഷമാണ് ഹേമ കമ്മീഷൻ റിപ്പോർട്ടുകൾ പൂർത്തിയാക്കി ഇപ്പോൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയിൽ എക്സ് എം.പി യും നാഷണൽ അവാർഡ് ജേതാവുമായ നടി ശാരദ, റിട്ട. ഐ.എ.എസ്.ഉദ്യോഗസ്ഥ കെ.ബി. വൽസല കുമാരി എന്നിവരാണ് അംഗങ്ങൾ ആയി ഉണ്ടായിരുന്നത്. സിനിമകളുടെ ചിത്രീകരണ സ്ഥലങ്ങളിൽ മുതൽ മലയാള ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഈ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.
മലയാളസിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട് എന്നത് പുറത്തു വന്നു കഴിഞ്ഞു. സിനിമയിലെ അപ്രഖ്യാപിത വിളക്കുകളെ കുറിച്ചും ലഹരി ഉപയോഗത്തെ കുറിച്ചും റിപ്പോർട്ടിൽ പരാമർശം ഉണ്ടെന്നും അറിയുന്നു. മലയാള സിനിമാ ലോകത്ത് എന്തു നടക്കണം, നടക്കേണ്ടായെന്നു തീരുമാനിക്കാന്‍ കഴിയുന്ന ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നും അതിൽ നടൻ, നിർമ്മാതാവ്, സംവിധായകൻ തുടങ്ങിയ വിഭാഗത്തിൽ നിന്നൊക്കെ ആളുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നടിമാർ വസ്ത്രം മാറുന്നത് വരെ ഒളി ക്യാമറയിൽ പകർത്തി പിന്നീട് അവരെ ബ്ലാക്ക് മെയിൽ ചെയ്യുന്ന പ്രവണത വരെ ഇവിടെ നിലനിൽക്കുന്നുണ്ട് എന്നും മുന്നൂറു പേജ് ഉള്ള റിപ്പോർട്ടിൽ പറയുന്നുണ്ട് എന്നാണ് വാർത്തകൾ പറയുന്നത്.