കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ഒരുക്കിയ 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വിട്ട ചടങ്ങിൽ വെച്ച് മെഗാസ്റ്റാർ മമ്മൂട്ടി ജൂഡിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. വേദിയില്‍ മമ്മൂട്ടി നടത്തിയ പ്രസംഗത്തിലെ ഒരു പ്രയോഗം ആണ് വിവാദങ്ങൾക്ക് തുടക്കമായത്. ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. എന്നാൽ ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു സോഷ്യൽ മീഡിയയുടെ വിമർശനം. നേരത്തെ ഒരിക്കൽ തന്നോട് ഒരു വിഗ് വെച്ച് നടന്നു കൂടെ എന്ന് മമ്മൂട്ടി ചോദിച്ചിട്ടുണ്ട് എന്ന നടൻ സിദ്ദിഖിന്റെ പരാമർശവും കൂട്ടിച്ചേർത്തായിരുന്നു സോഷ്യൽ മീഡിയയുടെ വിമർശനം. ഏതാനും ദിവസം മുൻപ് മന്ത്രി വാസവൻ ഇന്ദ്രൻസിനെ കുറിച്ച് നടത്തിയ പരാമർശവും ബോഡി ഷെയിമിങ്ങിന്റെ പേരിൽ ചർച്ചയായിരുന്നു. മന്ത്രിയെ വിമർശിക്കാമെങ്കിൽ മമ്മൂട്ടിയെ വിമർശിക്കാതിരിക്കേണ്ട കാര്യമുണ്ടോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. ഏതായാലും ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് ജൂഡ് ആന്റണി ജോസഫ് തന്നെ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്.
തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ജൂഡ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ജൂഡ് ആന്റണി ജോസഫ് കുറിച്ച വാക്കുകൾ ഇങ്ങനെ, “മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്‍പറേഷന്‍ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ..”.