777 ചാർളിയും കാന്താരയും ഒന്നുമല്ല, ബെസ്റ്റ് ഇനി കാണാൻ പോകുന്നത് മലയാളത്തിൽ: വെളിപ്പെടുത്തി പൃഥ്വിരാജ്

Advertisement

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് വിലായത്ത് ബുദ്ധ. അന്തരിച്ചു പോയ സംവിധായകൻ സച്ചി ഒരുക്കാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഈ ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസ്സോസിയേറ്റ് ആയിരുന്ന ജയൻ നമ്പ്യാർ ആണ്. ജി ആര്‍ ഇന്ദുഗോപൻ, രാജേഷ് പിന്നാടൻ എന്നിവര്‍ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഇപ്പോൾ പൂർത്തിയായി. ഡബിള്‍ മോഹനൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്ന ഈ ചിത്രം ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് കഥ പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്ന അരവിന്ദ് കശ്യപിനെ കുറിച്ച് പൃഥ്വിരാജ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കന്നഡയിലെ സൂപ്പർ വിജയങ്ങളായ 777 ചാർളി, കാന്താര എന്നിവയുടെ ക്യാമറ ചലിപ്പിച്ച അരവിന്ദ് കശ്യപിന്റെ ആദ്യ മലയാള ചിത്രമാണിത്.

അദ്ദേഹത്തെ കുറിച്ചു പൃഥ്വിരാജ് പറയുന്നത്, 777 ചാർളിയും കാന്താരയും ആണ് അരവിന്ദ് കശ്യപിന്റെ ബെസ്റ്റ് എന്ന് കരുതുന്നവർ വിലായത്ത് ബുദ്ധ വരാൻ വേണ്ടി കാത്തിരിക്കൂ എന്നാണ്. ഈ ചിത്രത്തിൽ തന്റെ കരിയർ ബെസ്റ്റ് ജോലിയാണ് അരവിന്ദ് ചെയ്തിരിക്കുന്നതെന്ന സൂചനയാണ് പൃഥ്വിരാജ് തരുന്നത്. ഉർവ്വശി തീയേറ്റേഴ്സിന്റെ ബാനറിൽ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് വിലായത്ത് ബുദ്ധ. ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ ഭാസ്‌കരന്‍ മാഷായി കോട്ടയം രമേഷ് എത്തുമ്പോൾ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രിയംവദ, അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close