![](https://i0.wp.com/onlookersmedia.com/wp-content/uploads/2025/02/Narayaneente-Moonnaanmakkal.jpg?fit=1024%2C592&ssl=1)
വീണ്ടും കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ഒരു കൊച്ചു ചിത്രം കേരളത്തിൽ ഹിറ്റായി മാറുന്നു. ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ എന്ന ചിത്രമാണ് പ്രേക്ഷകരുടെ മനസ്സ് കവർന്നു കൊണ്ട് വിജയകരമായി പ്രദർശനം തുടരുന്നത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ശരണ്‍ വേണുഗോപാല്‍ ആണ് രചിച്ചു സംവിധാനം ചെയ്തത്.
‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ച ചിത്രത്തിന് നിരൂപകരിൽ നിന്നും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ഓരോ ദിവസവും തീയേറ്റർ കലക്ഷനും കൂടി വരുന്ന ഈ ചിത്രം മറ്റൊരു ഹിറ്റ് കൂടിയാണ് ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർക്ക് സമ്മാനിച്ചിരിക്കുന്നത്. തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു കുടുംബം പശ്ചാത്തലമാക്കിയാണ് ഈ ചിത്രം കഥ പറയുന്നത്. വൈകാരികമായി പ്രേക്ഷകരുടെ മനസ്സിനെ തൊടുന്ന ചിത്രം അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും കൂടിയാണ് ശ്രദ്ധ നേടുന്നത്. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും പ്രണയവും ഒപ്പം നര്‍മ്മവും കൂട്ടിച്ചേർത്താണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം ഹൃദയത്തിലേറ്റുവാങ്ങിയ പ്രേക്ഷകർക്ക് തീയേറ്ററുകളിൽ നേരിട്ടെത്തി ജോജു ജോർജ് ഉൾപ്പെടെയുള്ളവർ നന്ദി പറയുകയും ചെയ്തു. നിറഞ്ഞ സദസ്സിലാണ് റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രം ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. അപ്പു പ്രഭാകർ ഒരുക്കിയിരിക്കുന്ന ഗംഭീര ദൃശ്യങ്ങളും രാഹുൽ രാജിന്‍റെ സംഗീതവും ജ്യോതിസ്വരൂപിൻറെ എഡിറ്റിംഗും ചിത്രത്തെ സാങ്കേതികമായി കൂടി മികച്ച നിലവാരത്തിൽ എത്തിച്ചിട്ടുണ്ട്.