ഇന്നലെ പ്രേക്ഷകരുടെ മുന്നിലെത്തിയ ഇരട്ട എന്ന ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ജോജു ജോർജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷം ചെയ്ത ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഈ ഇരട്ട കഥാപാത്രങ്ങളായി അദ്ദേഹം നടത്തിയ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ്. ചിത്രം കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തൊടുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. ഒരേ രൂപത്തിൽ, എന്നാൽ വ്യത്യസ്ത ഭാവങ്ങളിൽ ജോജു ജോർജ് കാഴ്ചവെച്ചിരിക്കുന്നത് തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണെന്നു പറയാം. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ക്ളൈമാക്‌സിനും വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. വൈകാരികമായി പ്രേക്ഷകനെ അത്രയധികം സ്വാധീനിക്കുന്ന രീതിയിൽ ഒരുക്കിയ ഈ ക്ളൈമാക്സ് നൽകുന്ന ഫീൽ വളരെ വലുതാണെന്ന് ചിത്രം കണ്ടവർ അടിവരയിട്ടു പറയുന്നു.
ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നിവരുടെ ജീവിതമാണ് ഇതിലൂടെ നമ്മുടെ മുന്നിലെത്തിക്കുന്നത്. ചിത്രം കണ്ടു പുറത്തിറങ്ങിയാലും പ്രേക്ഷകരുടെ മനസ്സുകളെ വേട്ടയാടുന്ന ചിത്രങ്ങൾ വളരെ അപൂർവമാണ്. അത്തരമൊരു ചിത്രമാണ് ഇരട്ട എന്നുള്ള അഭിപ്രായങ്ങളാണ് വരുന്നത്. ഈ ചിത്രം കളിക്കുന്ന സിനിമാശാലകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്കും പ്രേക്ഷകരുടെ ആ പിന്തുണയെ നമുക്ക് കാണിച്ചു തരുന്നു. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും സംവിധായകൻ രോഹിതും ചേർന്ന് രചിച്ച ഈ ഇമോഷണൽ ക്രൈം ഡ്രാമയിൽ ജോജുവിനെ കൂടാതെ ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ് എന്നിവരും വേഷമിട്ടിരിക്കുന്നു.