വിക്രമും പൊന്നിയിൻ സെൽവനും പിന്നിൽ; 400 കോടി തിളക്കത്തിൽ ഒന്നാമനായി ജയിലർ.

Advertisement

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ ഒരാഴ്ച കൊണ്ട് 400 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം എല്ലാ മാർക്കറ്റിൽ നിന്നും ഞെട്ടിക്കുന്ന കളക്ഷനാണ് നേടുന്നത്. മുന്നോട്ടുള്ള കുതിപ്പിൽ ജയിലർ വീഴ്ത്തിയത് മുഴുവൻ വമ്പൻ തമിഴ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളാണെന്നതാണ് സത്യം. തമിഴിലെ ഇൻഡസ്ട്രി ഹിറ്റായ പൊന്നിയിൻ സെൽവൻ ആഗോള ഗ്രോസ്സായി 400 കോടി നേടിയത് പതിമൂന്ന് ദിവസം കൊണ്ടും, പൊന്നിയിൻ സെൽവന് മുൻപ് ഇൻഡസ്ട്രി ഹിറ്റ് പദവി അലങ്കരിച്ച വിക്രം ആ നേട്ടം കൊയ്തത് 23 ദിവസം കൊണ്ടുമാണ്. എന്നാൽ വെറും ഒരാഴ്ച കൊണ്ടാണ് ജയിലർ ആ നേട്ടങ്ങളെ തകർത്തെറിഞ്ഞത് എന്നത് ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക സ്വീകരണത്തിനും അതുപോലെ തന്നെ രജനികാന്ത് എന്ന സൂപ്പർ താരത്തിന്റെ അസാമാന്യമായ താരമൂല്യത്തിനും തെളിവാണ്.

രജനികാന്തിനൊപ്പം മോഹൻലാൽ, ശിവ്‌വരാജ്‌ കുമാർ എന്നീ സൂപ്പർ താരങ്ങളുടെ സാന്നിധ്യവും ജയിലറിന് തുണയായിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന നേട്ടത്തിലേക്ക് വളരെ കുറച്ചു ദൂരം മാത്രമുള്ള ജയിലറിന് ആ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ മോഹൻലാലിന്റെ പങ്ക് വളരെ വലുതാണ്. അതുപോലെ തന്നെ കർണാടകയിലും റെക്കോർഡ് കളക്ഷൻ നേടുന്ന ഈ ചിത്രത്തിന് കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിന്റെ സാന്നിധ്യം കുറച്ചൊന്നുമല്ല സഹായകരമായത്. വിദേശത്ത് നിന്ന് 155+ കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം കേരളത്തിൽ നിന്ന് 36 കോടിയും, തമിഴ്‌നാട്ടിൽ നിന്ന് 120+ കോടിയും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 100+ കോടിയുമാണ് ഇതുവരെ നേടിയത്. ഇതിനു മുൻപ് തമിഴ്‌ സിനിമാ ചരിത്രത്തിൽ, രജനികാന്ത്- അക്ഷയ് കുമാർ കൂട്ടുകെട്ടിൽ വന്ന ശങ്കർ ചിത്രം 2.0 മാത്രം നേടിയ 500 കോടി എന്ന മാന്ത്രിക സംഖ്യയും മറികടക്കാനുള്ള ഒരുക്കത്തിലാണ് ജയിലർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close