
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളും ബ്രഹ്മാണ്ഡ വിജയമായ മോഹൻലാലിൻറെ പുലി മുരുകനിലെ വില്ലനായി മലയാള സിനിമയിലും അരങ്ങേറിയ ജഗപതി ബാബു ഒരിക്കൽ കൂടി മലയാള സിനിമയിൽ എത്തുകയാണ്. മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് ജഗപതി ബാബു വീണ്ടും മലയാളത്തിൽ എത്തുന്നത് എന്നാണ് വാർത്തകൾ വരുന്നത്. അച്ഛന്റെ വില്ലനായി മലയാളത്തിൽ അരങ്ങേറിയ ഈ താരം ഇനി മകന്റെ വില്ലനായി ആദിയിൽ വരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ സിനിമാ പ്രേമികൾ.
ഒരു ഫാമിലി ആക്ഷൻ ത്രില്ലറായാണ് ജീത്തു ജോസഫ് ആദി എന്ന ചിത്രം ഒരുക്കുന്നത് . ഈ ചിത്രത്തിനായി പ്രണവ് മോഹൻലാൽ പാർക്കർ പരിശീലവും നേടിയിരുന്നു എന്നതും ഇതിലെ ആക്ഷൻ രംഗങ്ങൾ മറ്റൊരു തലത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗം ആണെന്നറിയുന്നു.
കൊച്ചിയിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ആദി ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത് ബാംഗ്ലൂരിൽ ആണ്. ഒക്ടോബർ മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം വരുന്ന വർഷം ജനുവരിയിൽ മാക്സ്‌ലാബ് പ്രദർശനത്തിനെത്തിക്കും എന്നാണ് കരുതപ്പെടുന്നത് .
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിജു വിൽസൺ, ഷറഫുദീൻ, അനുശ്രീ, സിദ്ദിഖ്, അദിതി രവി, ലെന എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
അനിൽ ജോൺസൻ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പാണ് . അയൂബ് ഖാൻ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ്.
ഇതിനു മുൻപേ പുനർജനി, ഒന്നാമൻ എന്നീ ചിത്രങ്ങളിൽ ബാലതാരം ആയി അഭിനയിച്ചിട്ടുണ്ട് പ്രണവ് മോഹൻലാൽ. പുനർജനിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും പ്രണവ് നേടി.