69 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമക്ക് അഭിമാനമായി ഇന്ദ്രൻസ്. 2021 ഇൽ സെൻസർ ചെയ്ത ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന്, മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പരാമർശമാണ് ഇന്ദ്രൻസിന് ലഭിച്ചത്. ഇന്ദ്രൻസിനെ കൂടാതെ ഷാഹി കബീർ, വിഷ്ണു മോഹൻ എന്നിവരും പ്രധാന അവാർഡുകൾക്ക് അർഹരായി. ജോജു ജോർജ് നായകനായ മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ടിൻറെ തിരക്കഥയിലൂടെ, മികച്ച ഒറിജിനൽ തിരക്കഥക്കുള്ള ദേശീയ പുരസ്‍കാരമാണ് ഷാഹി കബീർ നേടിയതെങ്കിൽ, മികച്ച അരങ്ങേറ്റ ചിത്രത്തിനുള്ള അവാർഡ് മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹനും കരസ്ഥമാക്കി. ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിലെ നായകനും ഉണ്ണി മുകുന്ദൻ തന്നെയാണ്.
മികച്ച പാരിസ്ഥിതിക പ്രാധാന്യമുള്ള ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത് മലയാള ചിത്രമായ മൂന്നാം വളവിനാണ്. റോജിൻ തോമസിന്റെ ഹോം മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് നേടിയപ്പോൾ, ചവിട്ട് എന്ന ചിത്രത്തിന് മികച്ച ഓഡിയോഗ്രാഫിക്കുള്ള അവാർഡും ലഭിച്ചു. തെലുങ്ക് സിനിമയും ഹിന്ദി സിനിമയുമാണ് ഇത്തവണ അവാർഡിൽ മുന്നിട്ടു നിന്നത്. പുഷ്പയിലൂടെ അല്ലു അർജുൻ മികച്ച നടനുള്ള പുരസ്‍കാരം നേടിയപ്പോൾ, ഗാംഗുബായി കത്തിയവാദിയിലൂടെ ആലിയ ഭട്ടും, മിമിയിലൂടെ കൃതി സനോണും മികച്ച നടിമാരായി മാറി. മാധവൻ സംവിധാനം ചെയ്ത റോക്കട്രി ദി നമ്പി എഫ്ഫക്റ്റ് മികച്ച ചിത്രമായപ്പോൾ, ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് എസ് എസ് രാജമൗലിയുടെ ആർ ആർആർ നേടി. സംഗീത സംവിധായകർക്കുള്ള അവാർഡുകളും പുഷ്പ, ആർആർആർ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സംഗീത സംവിധായകരായ ദേവി ശ്രീ പ്രസാദ്, എം എം കീരവാണി എന്നിവർ നേടിയെടുത്തു.