തെലുങ്ക് യുവ താരം വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൈഗർ. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ അദ്ദേഹം നടത്തിയ രസകരമായ പരാമർശങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. ഈ ചിത്രം നൂറു കോടി കളക്ഷൻ നേടിയാൽ എങ്ങനെയാവും ആഘോഷിക്കുക എന്നായിരുന്നു അദ്ദേഹത്തോടുള്ള ഒരു ചോദ്യം. താൻ മിനിമം 200 കോടിയിൽ നിന്നാണ് എണ്ണാൻ ആരംഭിക്കു എന്നും ഈ ചിത്രം കേരളത്തിൽ വമ്പൻ വിജയമായാൽ ഇവിടെ വന്നു മാധ്യമ പ്രവർത്തകർക്കൊപ്പം കേരളത്തിലെ ലോക്കൽ മദ്യമായ ജവാൻ കഴിച്ച് ആഘോഷിക്കുമെന്നാണ് താരം പറയുന്നത്. അതിനു മുൻപ് അദ്ദേഹം തന്നെയാണ് കേരളത്തിലെ ലോക്കൽ കള്ള് ബ്രാൻഡ് ഏതാണെന്നു അവിടെയുള്ളവരോട് ചോദിക്കുന്നത്. അപ്പോൾ അവിടെ വന്ന മാധ്യമ പ്രവർത്തകരാണ് ഇവിടുത്തെ ഒരു പ്രശസ്ത ലോക്കൽ ബ്രാൻഡിന്റെ പേര് ജവാൻ എന്നാണെന്നു പറയുന്നത്.
പ്രശസ്ത തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് സംവിധാനം ചെയ്തിരിക്കുന്ന ലൈഗർ നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജൊഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, പുരി ജഗനാഥ്, അപൂർവ മെഹ്ത, ചാർമി കൗർ എന്നിവർ ചേർന്നാണ്. പാൻ ഇന്ത്യൻ ചിത്രമായി ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ രമ്യ കൃഷ്ണൻ, റോണിത് റോയ്, അലി ബാഷ, മകരന്ധ് ദേശ്പാണ്ഡെ, വിഷു റെഡ്‌ഡി, അബ്ദുൽ ഖാദിർ അമിൻ എന്നിവരും ബോക്സിങ് ഇതിഹാസമായ മൈക്ക് ടൈസനും അഭിനയിച്ചിട്ടുണ്ട്. അനന്യ പാണ്ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിഷ്ണു ശർമ, എഡിറ്റ് ചെയ്തത് ജുനൈദ് സിദ്ദിഖി എന്നിവരാണ്. ബോക്സിങിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങളെന്നിവ സൂപ്പർ ഹിറ്റാണ്. തനിഷ്‌ക് ബാഗ്ചിയാണ്, ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുള്ള ഈ ചിത്രത്തിന് സംഗീതം പകർന്നത്.