ഉണ്ണി മുകുന്ദൻ ഡേറ്റ് തന്നാൽ സംവിധാനം ചെയ്യാൻ റെഡി: ബാല

Advertisement

മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദനാണ് കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ മഹാവിജയവും, ഒപ്പം അതിനു മുൻപും ശേഷവുമുണ്ടായ ചില വിവാദങ്ങളുമാണ് ഉണ്ണി മുകുന്ദൻ ചർച്ചാ വിഷയമായി നിൽക്കാനുള്ള കാരണം. ഉണ്ണി മുകുന്ദനൊപ്പം തന്നെ ഒരു വിവാദത്തിനു തുടക്കമിട്ടു കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞ മറ്റൊരാളാണ് നടൻ ബാല. ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിൽ വേഷമിട്ട ബാല, ആ ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളോടെയാണ് ഉണ്ണി മുകുന്ദൻ ആദ്യം വിവാദത്തിൽ ചാടിയത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഉണ്ണിയും ബാലയും അതോടെ തെറ്റി. ഇപ്പോഴിതാ വീണ്ടും ബാലയുടെ ഒരു പരാമർശം ശ്രദ്ധ നേടുകയാണ്. അടുത്തിടെ ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ബാല ഈ പരാമർശം നടത്തിയത്.

നടനെന്നതിലുപരി നിർമ്മാതാവും സംവിധായകനും കൂടിയാണ് ബാല. ദി ഹിറ്റ് ലിസ്റ്റ് എന്നൊരു ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. അതിൽ ഉണ്ണി മുകുന്ദൻ അതിഥി വേഷത്തിൽ എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ വീണ്ടും സംവിധാനം ചെയ്യുന്നില്ലേ എന്ന ചോദ്യത്തിന്, ഉണ്ണി മുകുന്ദൻ ഒരു ഡേറ്റ് തന്നാൽ ഉണ്ണിയെ വെച്ചൊരു ചിത്രം സംവിധാനം ചെയ്യാൻ താൻ റെഡി ആണെന്നാണ് ബാല പറയുന്നത്. ഉണ്ണി മുകുന്ദനോട് ദേഷ്യം ഒന്ന് കുറക്കാനും ബാല ഉപദേശിക്കുന്നുണ്ട്. തന്റെ കുടുംബ ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണമാണ് അഭിനയ ജീവിതത്തിലും, അതുപോലെ സിനിമ നിർമ്മാണം, സംവിധാനം എന്നിവയിലൊക്കെ ഒരു ഇടവേള വന്നതെന്നും, എല്ലാം വൈകാതെ വീണ്ടും ആരംഭിക്കാനുള്ള ശ്രമത്തിലാണെന്നും ബാല സൂചിപ്പിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close