13 മില്യൺ കാഴ്ചക്കാരേയും കടന്ന് ദസറ ടീസർ; നാനി ചിത്രമെത്തുന്നത് പാൻ ഇന്ത്യൻ റിലീസായി

Advertisement

തെലുങ്കിലെ നാച്ചുറൽ സ്റ്റാർ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദസറ. ഒരു പാൻ ഇന്ത്യൻ ചിത്രമായി വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മാർച്ച് മുപ്പതിന് ആണ് ആഗോള റിലീസായി എത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഒരു ഗാനം എന്നിവയെല്ലാം കഴിഞ്ഞ വർഷം തന്നെ പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ടീസർ ഇതിനോടകം 13 മില്യൺ കാഴ്ചക്കാരേയും നേടിയാണ് മുന്നേറുന്നത്. ഗംഭീര പ്രതികരണമാണ് ഈ ടീസറിന് ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമുയർത്തുന്ന ഒരു ടീസറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഗോദാവരി കനിയിലെ സിങ്കേരണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുക.

നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ഈ ചിത്രം ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ആണ് നിർമ്മിക്കുന്നത്. പുഷ്പ എന്ന ചിത്രത്തിലെ അല്ലു അർജുനെ അനുസ്മരിപ്പിക്കുന്ന ലുക്കിൽ നാനി എത്തുന്ന ഈ ചിത്രത്തിൽ കീർത്തി സുരേഷ് നായികാ വേഷം ചെയ്യുമ്പോൾ, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു. മലയാള താരം ഷൈൻ ടോം ചാക്കോ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് സന്തോഷ് നാരായണനും എഡിറ്റ് ചെയ്യുന്നത് നവീൻ നൂലിയുമാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close