രാജമൗലി തെലുങ്ക് സിനിമക്ക് ചെയ്തത് എനിക്ക് മലയാള സിനിമക്ക് നൽകണം; മനസ്സ് തുറന്ന് പൃഥ്വിരാജ് സുകുമാരൻ

Advertisement

ഇന്ന് മലയാള സിനിമയിൽ സ്വന്തമായ ഒരിടമുള്ള, മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാളായി വളർന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു നടനെന്ന നിലയിൽ മാത്രമല്ല, സംവിധായകനായും, നിർമ്മാതാവായുമെല്ലാം വലിയ വിജയങ്ങൾ നേടിയ ആള് കൂടിയാണ് പൃഥ്വിരാജ്. മലയാളം കൂടാതെ തമിഴ്, ഹിന്ദി ചിത്രങ്ങളുടെയും ഭാഗമായി മാറുന്ന പൃഥ്വിരാജ് ഇപ്പോൾ വമ്പൻ പാൻ ഇന്ത്യൻ ചിത്രങ്ങളിൽ കൂടി തന്റെ സാന്നിധ്യം അറിയിക്കുകയാണ്. ഇപ്പോഴിതാ ഫിലിം കംപാനിയൻ നടത്തിയ ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് അഡ്ഡയിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എസ് എസ് രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതേ കാര്യങ്ങൾ തനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം എന്നാണ് പൃഥ്വിരാജ് സുകുമാരൻ പറയുന്നത്. വലിയ സ്വപ്നങ്ങള്‍ കാണാനും ചിന്തിക്കുന്നതിനുമപ്പുറമുള്ളത് കൊണ്ടുവരാനാകുമെന്നുമുള്ള ധൈര്യവും വിശ്വാസവും നല്‍കുന്ന കാര്യങ്ങൾ ഇവിടെ ചെയ്യാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നു.

നിര്‍മാതാവ് സ്വപ്‌ന ദത്ത് ചലസാനി, സംവിധായകരായ ഗൗതം വാസുദേവ് മേനോന്‍, ലോകേഷ് കനകരാജ്, എസ്.എസ്. രാജമൗലി, നടനും സംവിധായകനുമായ കമല്‍ ഹാസന്‍ എന്നിവരാണ് ഫിലിം കമ്പാനിയിന്റെ ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് അഡ്ഡയിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പങ്കെടുത്തത്. ഇന്ന് രാത്രി എട്ടു മണിക്കാണ് ഈ ചർച്ച ഫിലിം കമ്പാനിയിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യാൻ പോകുന്നത്. മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് സുകുമാരൻ, ബ്രോ ഡാഡി എന്ന ചിത്രവും മോഹൻലാൽ നായകനായി ഒരുക്കിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി മോഹൻലാൽ തന്നെ നായകനായി എത്തുന്ന എംപുരാൻ എന്ന ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ്. അതിന് ശേഷം സ്വയം നായകനായി അഭിനയിക്കുന്ന ടൈസൺ, മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ സീരിസിലെ മൂന്നാം ഭാഗം എന്നിവയും പൃഥ്വിരാജ് സംവിധാനം ചെയ്യും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close