പ്രശസ്ത സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. റോഷൻ മാത്യു, സ്വാസിക എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ഇതിന്റെ ടീസറുകളിൽ കണ്ട ലൈംഗികതയാണ് ചർച്ചയാവുന്നത്. അതിനൊപ്പം തന്നെ ഈ ചിത്രത്തിന് ലഭിച്ചത് A സർട്ടിഫിക്കറ്റ് ആണെന്നതും ശ്രദ്ധ നേടി. ഇപ്പോഴിതാ ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ നായികാ വേഷം ചെയ്ത സ്വാസിക പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ഇത്തരം രംഗങ്ങൾ ഇതിലുണ്ടാകുമെന്ന കാര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ഇതിലഭിനയിച്ചതെന്നും ഒരു A പടത്തിൽ അഭിനയിക്കണമെന്നത് ആഗ്രഹമായിരുന്നെന്നുമാണ് സ്വാസിക പറയുന്നത്.
അനാവശ്യമായി അത്തരം രംഗങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും കഥ മുന്നോട്ട് പോകാൻ ആവശ്യമുള്ളത് മാത്രമേ ഇതിലുള്ളൂ എന്നും സ്വാസിക പറഞ്ഞു. ജാങ്കോ സ്പെസിന് നൽകിയ അഭിമുഖത്തിലാണ് സ്വാസിക, സംവിധായകൻ സിദ്ധാർഥ് ഭരതനെന്നിവർ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നത്. പ്രായപൂർത്തിയായ ഓരോരുത്തർക്കും ആസ്വദിക്കാൻ പറ്റുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സിദ്ധാർത്ഥ് ഭരതൻ പറയുന്നു. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്, ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ്. പ്രണയവും ത്രില്ലർ ഘടകങ്ങളുമുള്ള ഒരു ഡ്രാമയാണ് ചതുരമെന്ന് ഇതിന്റെ ടീസറുകൾ സൂചിപ്പിക്കുന്നു. പ്രദീഷ് വർമ്മ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ദീപു ജോസഫും, ഇതിനു സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളയുമാണ്. ഇതൊരു ഒരു മുഴുനീള ഇറോട്ടിക് ചിത്രമല്ലെന്നു സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.