പുലി മുരുകൻ മോണ്‍സ്റ്ററിനെ ബാധിക്കില്ല; കൂടുതൽ വിവരങ്ങൾ പുറത്ത് വിടാത്തതിന് കാരണം വെളിപ്പെടുത്തി വൈശാഖ്

Advertisement

മലയാളത്തിലെ നിലവിലുള്ള ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ പുലി മുരുകൻ. ഉദയ കൃഷ്ണ രചിച്ച് വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം 2016 ലാണ് റിലീസ് ചെയ്തത്. അതിന് ശേഷം മോഹൻലാലും വൈശാഖും ഉദയ കൃഷ്ണയും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റർ. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം സെപ്റ്റംബർ 30 ന് പൂജ റിലീസായി തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്. പുലി മുരുകൻ എന്ന ചിത്രം നേടിയ വിജയവും അത് നൽകുന്ന പ്രതീക്ഷയുടെ ഭാരവും ഈ ചിത്രത്തെ ബാധിക്കില്ലെന്നാണ് വൈശാഖ് പറയുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ, സിനിമയുടെ മേക്കിംഗിനെയോ അതിന്റെ കഥയെയോ ബാധിക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു എന്നും സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാത്തത് അത് കൊണ്ടാണെന്നും വൈശാഖ് വെളിപ്പെടുത്തി.

കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ ഈ ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വൈശാഖ് മനസ്സ് തുറന്നത്. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് വലിയ വെല്ലുവിളി നിറഞ്ഞ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആവശ്യമായി വന്ന ചിത്രമായിരുന്നു ഇതെന്നും, റിലീസ് വൈകാൻ അതുമൊരു കാരണമായി മാറിയെന്നും വൈശാഖ് പറഞ്ഞു. 9 മാസത്തോളം ഇതിന് പോസ്റ്റ് പ്രൊഡക്ഷൻ ആവശ്യമായി വന്നെന്നും അദ്ദേഹം വിശദീകരിച്ചു. ഇതൊരു സോംബി ചിത്രമാണെന്ന വാർത്തകൾ തള്ളി കളഞ്ഞ വൈശാഖ് ഇതൊരു ത്രില്ലറാണെന്നാണ് പറയുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ലക്കി സിങ് എന്ന പഞ്ചാബി കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ലക്ഷ്മി മാഞ്ചു, ഹണി റോസ്, സുദേവ് നായർ തുടങ്ങി ഒരു മികച്ച താരനിര ഈ ചിത്രത്തിന്റെ ഭാഗമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close