മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമായ ലൂസിഫർ നാളെ റിലീസ് ചെയ്യുകയാണ്. ലോകം മുഴുവൻ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ നാനൂറോളം സ്‌ക്രീനുകളിൽ ആയാണ് റിലീസ് ചെയ്യുന്നത്. ഗൾഫിൽ ആണെങ്കിൽ ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിന് കിട്ടുന്ന ഏറ്റവും കൂടുതൽ ലൊക്കേഷനുകളിൽ ആയാണ് ലൂസിഫർ റിലീസ് ചെയ്യുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായ എന്തിരൻ 2 നു കിട്ടിയതിലും അധികം ലൊക്കേഷനുകളിൽ ആണ് ഈ ചിത്രം ഗൾഫിൽ റിലീസ് ചെയ്യുന്നത്. കൂടാതെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റ് തുടങ്ങിയവയിൽ ഒക്കെ വമ്പൻ റിലീസ് ആണ് ഈ ചിത്രം നേടിയെടുത്തത്.
യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. മഞ്ജു വാര്യർ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്‌റോയ് എന്നിവരും അഭിനയിക്കുന്നു. സംവിധായകൻ പൃഥ്വിരാജ് അതിഥി വേഷത്തിലും എത്തുന്നുണ്ട് ഈ ചിത്രത്തിൽ. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ആയാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഏകദേശം ഇരുനൂറ്റി അൻപതോളം ഫാൻസ് ഷോകളും നൂറിൽ അധികം എക്സ്ട്രാ ഷോയുമായി ആദ്യ ദിനം മുന്നൂറ്റി അൻപതിൽ അധികം എക്സ്ട്രാ ഷോകൾ ആണ് ഈ ചിത്രം കേരളത്തിൽ കളിയ്ക്കാൻ പോകുന്നത്. ഒടിയൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻസ് ഷോകൾ കളിക്കുന്ന ചിത്രമെന്ന റെക്കോർഡും ലൂസിഫർ നേടും.