അഭിനയ രംഗത്ത് ഏകലവ്യനെ പോലെ മോഹൻലാൽ; പ്രണവ പദ്മം പുരസ്‌കാരം സ്വീകരിച്ചത് മുൻ നേപ്പാൾ പ്രധാന മന്ത്രിയിൽ നിന്ന്..!

Advertisement

ശാന്തി ഗിരി ആശ്രമത്തിന്റെ വജ്ര ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച പ്രണവ പദ്മം പുരസ്‍കാരത്തിനു അർഹനായത് മലയാള സിനിമയുടെ നടന വിസ്മയമായ മോഹൻലാൽ ആയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഈ പുരസ്‍കാരം മോഹൻലാൽ സ്വീകരിച്ചത് മുൻ നേപ്പാൾ പ്രധാന മന്ത്രി ആയിരുന്ന ജാലാ നാഥ് ഖനാലിൽ നിന്നായിരുന്നു. അഭിനയ രംഗത്ത് പലപ്പോഴും ഏകലവ്യനെ പോലെ  മനസ്സ് കൊണ്ട് ഗുരുവിനെ സങ്കൽപ്പിച്ചു പ്രാർഥിച്ചിട്ടുണ്ട് എന്ന് മോഹൻലാൽ പറഞ്ഞു. അഭിനയത്തിൽ തനിക്കു ഗുരുക്കന്മാർ ഇല്ലെന്നും സിനിമാഭിനയം തുടങ്ങി നാൽപ്പതു വർഷമായി, അഭിനയിക്കാൻ കഴിയില്ല എന്ന് കരുതിയ പല വേഷങ്ങളും ചെയ്തു.  അതെല്ലാം ഗുരുക്കന്മാരുടെ അദൃശ്യമായ അനുഗ്രഹം കൊണ്ടാണ് സാധിച്ചത് എന്ന് കരുതുന്നു എന്നാണ് മോഹൻലാൽ പറയുന്നത്.

വാനപ്രസ്ഥത്തിലെ കഥകളി നടനായി അഭിനയിച്ചപ്പോൾ അറിയപ്പെടുന്ന കഥകളി ആചാര്യന്മാരെ മനസ്സ് കൊണ്ട് വന്ദിച്ചിരുന്നു. അതുപോലെ കാവാലം നാരായണ പണിക്കർ സാറിന്റെ കർണ്ണഭാരം എന്ന സംസ്‌കൃത നാടകവും അവതരിപ്പിച്ചപ്പോൾ ഇതേ അനുഗ്രഹം ഗുരുക്കന്മാരിൽ നിന്ന് ലഭിച്ചു. കരുണാകര  ഗുരുവിനെ താൻ കണ്ടിട്ടുണ്ട് എന്നും അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു രാജീവ് അഞ്ചൽ ഒരുക്കിയ ഗുരു എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞു. ആ ഗുരുവിന്റെ അനുഗ്രഹം ഇപ്പോഴും തന്റെ കൂടെ ഉണ്ടെന്നു കരുതുന്നു എന്നും മോഹൻലാൽ പറഞ്ഞു. ചലച്ചിത്ര സംവിധായകരായ മധുപാൽ, ശ്രീകുമാരൻ തമ്പി എന്നിവർ ഉൾപ്പെട്ട സമിതിയാണ് മോഹൻലാലിനെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. മുൻ നേപ്പാൾ പ്രധാന മന്ത്രി മോഹൻലാലിന് നേപ്പാളിന്റെ സാംസ്‌കാരിക ചിഹ്നമായ തൊപ്പിയും ഉറയിലിട്ട കത്തിയും സമ്മാനിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close