
യുവാക്കളുടെ പ്രിയങ്കരനായ ദുൽഖർ സൽമാൻ ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിലാണ്. തെലുങ്കിൽ മഹാനടി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ദുൽഖർ, ഇതിനോടകം തന്നെ ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു. രാജമൗലിയും ചിരഞ്ജീവിയും ഉൾപ്പടെയുള്ളവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ദുൽഖർ ഇപ്പോൾ പുതിയ തമിഴ് ചിത്രത്തിന്റെ തിരക്കിലേക്ക് കടന്നു. ഇപ്പോഴിതാ ദുൽഖർ സൽമാന്റെ പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ബോളീവുഡ് ചിത്രം കർവാന്റെ വാർത്തകളാണ് പുറത്ത് വരുന്നത്. ചിത്രം പ്രതീക്ഷിച്ചതിലും നേരത്തെ എത്തുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ഓഗസ്റ്റ് 10ന് പുറത്തിറങ്ങുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഓഗസ്റ്റ് 3 നു തന്നെ റിലീസിന് എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. ആകർഷ് ഖുറാനാ സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാനെ കൂടാതെ ബോളീവുഡ് ഇതിഹാസം ഇർഫാൻ ഖാനും സുപ്രധാന കഥാപാത്രമായി എത്തുന്നു.
ഏറെ വ്യത്യസ്തമായ ചിത്രങ്ങൾ ബോളീവുഡിലെ പരിചയപ്പെടുത്തി കയ്യടി നേടിയിട്ടുള്ള നടനാണ് ഇർഫാൻ ഖാൻ. അതിനാൽ തന്നെ ഇരുവരും ഒന്നിക്കുമ്പോൾ ആരാധക പ്രതീക്ഷ ഏറെയാണ്. മിഥില പൽക്കർ, കൃതി എന്നിവരാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. അവിനാഷ് അരുണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. റോണി സ്ക്രൂവിളയാണ് ചിത്രത്തിന്റെ നിർമ്മാണം. തെലുങ്കിൽ സൃഷ്‌ടിച്ച വമ്പൻ വിജയം തന്റെ ആദ്യ ബോളീവുഡിലും ദുൽഖർ സൽമാൻ തുടരുമോ എന്ന കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകരും. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രമാണ് ദുൽഖർ സല്മാന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.