
ജോഷി-സുരേഷ് ഗോപി കൂട്ടികെട്ടിലെത്തിയ പാപ്പന്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഒരു മാസ്സ് ക്രൈം ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രചിച്ചത് ആർ ജെ ഷാൻ ആണ്. സുരേഷ് ഗോപിക്കൊപ്പം നിത പിള്ള, ഗോകുല്‍ സുരേഷ് എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ ഷമ്മി തിലകൻ, നൈല ഉഷ, ആശ ശരത്, കനിഹ, അജ്മൽ അമീർ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും വേഷമിട്ടിട്ടുണ്ട്. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം മകൾ ഗോകുൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് പാപ്പൻ. ഇപ്പോൾ ഗോകുലിനെ കുറിച്ച്, ഓൺലുക്കേഴ്സ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത് ഏറെ ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന അപകടത്തിന്റെ ഭാരം തന്റെ മകന്‍ അഭിനയിക്കുമ്പോള്‍ ഇല്ലെന്നാണ് അദ്ദേഹം വ്യക്‌തമാക്കുന്നത്. യേശുദാസിന്റെ മകൻ പാടുമ്പോൾ എന്ന് പറയുമ്പോഴോ, അല്ലെങ്കിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ മക്കൾ അഭിനയിക്കുമ്പോൾ എന്ന് പറയുമ്പോഴോ അവർക്കു മുകളിലുള്ള ഒരു ഭാരം തന്റെ മകനെന്ന നിലയിൽ ഗോകുലിന്റെ തലയിൽ ഇല്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ദുൽഖർ സൽമാനോ, പ്രണവ് മോഹൻലാലോ അഭിനയിക്കുമ്പോൾ അവർക്കുള്ള ഒരു പ്രഷർ ഗോകുലിന് വരില്ലെന്നും, കാരണം മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പോലെയുള്ള വലിപ്പം തനിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അത്കൊണ്ട് തന്നെ സുരേഷ് ഗോപിയുടെ മകൻ അഭിനയിക്കുന്നു എന്ന് പറയുമ്പോൾ ഉള്ള പ്രേക്ഷകരുടെ പ്രതീക്ഷകളുടെ ഭാരം അത്രയേ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം വിശദീകരിച്ചു.