![](https://i0.wp.com/onlookersmedia.com/wp-content/uploads/2018/03/Tanka-Takkara-One-Million-YouTube-views.jpg?fit=1024%2C592&ssl=1)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ പ്രേമത്തിന് ശേഷം ശബരീഷ് വർമ്മ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാം തീയറ്ററുകളിലേക്ക് എത്തുന്നു. പ്രേമത്തിലെ ശബരീഷ് അവതരിപ്പിച്ച ശംഭു എന്ന കഥാപാത്രവും ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ഏറെ ചർച്ച ആയിരുന്നു. ഗാനരചയിതാവ് കൂടിയായ ശബരീഷ് വർമ്മ പ്രേമത്തിന് ശേഷം മലയാളികൾക്ക് മുൻപിൽ എത്തുന്ന ചിത്രമാണ് നാം.
യുവാക്കളുടെ കഥപറയുന്ന ക്യാമ്പസ് ചിത്രമായ നാം സംവിധാനം ചെയ്തിരിക്കുന്നത് ജോഷി തോമസ് പള്ളിക്കൽ ആണ്. ശബരീഷ് വർമ്മയോടൊപ്പം രാഹുൽ മാധവും ചിത്രത്തിൽ തുല്യ പ്രാധാന്യത്തോടെ ഉണ്ട്. ചിത്രത്തിൽ നായികമാരായി എത്തുന്നത് ഗായത്രി സുരേഷ്, അലമാര, ആദി എന്നിവയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ അദിതി രവി, ചങ്ക്സ് ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ മറീന എന്നിവരാണ്. രഞ്ജി പണിക്കർ, നോബി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്യാമ്പസ് ഗാനം ആണ് ഇതിനോടകം തന്നെ സെൻസേഷണൽ ആയത്. ” എല്ലാരും ഒന്നാണീ ” എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ 1 മില്യൻ കാഴ്‌ച്ചക്കാരെ സ്വന്തമാക്കി യൂ ട്യൂബിൽ മുന്നേറുകയാണ്. നവാഗതരായ അശ്വിനും, സംഗീതും ചേർന്ന് ഈണം നൽകിയ ഗാനം വരി എഴുതി ആലപിച്ചത് ശബരീഷ് വർമ്മ തന്നെയാണ്.
പ്രേമത്തിലെ ഗാനത്തിന് ശേഷം ശബരീഷ് വർമ്മ പാടി അഭിനയിച്ച ഗാനം എന്ന പ്രത്യേകത കൂടി പാട്ടിന് ഉണ്ടായിരുന്നു. പ്രേമം, റോക്ക് സ്റ്റാർ, അനുരാഗ കരിക്കിൻ വെള്ളം എന്നീ ചിത്രങ്ങൾക്ക് വേണ്ടി മുൻപ് ശബരീഷ് ഗാനരചന നടത്തിയിട്ടുണ്ട്. ക്യാമ്പസ് സൗഹൃദവും പ്രണയവുംമെല്ലാം ചർച്ചയാക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ജെ. ടി. പി ഫിലിംസ് ആണ്. ചിത്രം മെയ് മാസം റിലീസിന് എത്തുന്നു.