മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളുടെ ലിസ്റ്റിൽ നാലാമതെത്തി മോഹൻലാൽ നായകനായ നേര്. കഴിഞ്ഞ ദിവസം മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചതോടെ ഈ ചിത്രത്തിന്റെ തീയേറ്റർ പ്രദർശനം ഏകദേശം പൂർണ്ണമായി തന്നെ അവസാനിച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെ നേരിന്റെ അവസാന ആഗോള ഗ്രോസ് കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.2023 ഡിസംബർ 21 ന് റിലീസ് ചെയ്ത ഈ ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം, 2024 ജനുവരി ഇരുപത്തിമൂന്നിന് തീയേറ്റർ പ്രദർശനം അവസാനിപ്പിക്കുമ്പോൾ നേടിയ ആഗോള കളക്ഷൻ 85 കോടി 30 ലക്ഷം രൂപയാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ, 2018 (175 കോടി), പുലി മുരുകൻ (144 കോടി), ലൂസിഫർ (128 കോടി) എന്നിവ കഴിഞ്ഞാൽ നാലാം സ്ഥാനത്താണ് ഇപ്പോൾ നേര്.
മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം (85 കോടി), ഷെയിൻ നിഗം- ആന്റണി വർഗീസ്- നീരജ് മാധവ് ടീമിന്റെ ആർഡിഎക്സ് (84 കോടി), മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് (82 കോടി), ദുൽഖർ സൽമാന്റെ കുറുപ്പ് (81 കോടി) എന്നിവയാണ് 80 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ മറ്റു മലയാള ചിത്രങ്ങൾ. ഈ ചിത്രങ്ങളെ മറികടന്നാണ് നേര് ആദ്യ നാലിൽ സ്ഥാനം പിടിച്ചത്. കേരളത്തിൽ നിന്ന് മാത്രം 47 കോടിക്ക് മുകളിലാണ് നേര് നേടിയ ഗ്രോസ് കളക്ഷൻ. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ 2018 (89 കോടി), പുലിമുരുകൻ (86 കോടി), ലൂസിഫർ (66 കോടി), ആർഡിഎക്സ് (52 കോടി) എന്നിവ കഴിഞ്ഞാൽ അഞ്ചാം സ്ഥാനമാണ് നേരിനുള്ളത്.
റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് അഞ്ചര കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം വിദേശത്തു നിന്ന് ഏകദേശം 33 കോടിയോളമാണ് കളക്ഷൻ നേടിയത്. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ മൂന്നിൽ ഇടം പിടിക്കാനും ഈ ലോ ബഡ്ജറ്റ് കോർട്ട് റൂം ഡ്രാമക്ക് സാധിച്ചു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം, സാറ്റലൈറ്റ് അവകാശം, ഒറ്റിറ്റി അവകാശം, മറ്റ് അവകാശങ്ങൾ എന്നിവയുടെ വില്പനയിലൂടെ ഏകദേശം 115 കോടിയോളം രൂപയുടെ ആഗോള ബിസിനസ്സാണ് നടത്തിയത്. ഒടിടി റിലീസിന് ശേഷവും വമ്പൻ പ്രതികരണങ്ങളാണ് നേര് സോഷ്യൽ മീഡിയയിൽ നിന്നും നേടിക്കൊണ്ടിരിക്കുന്നത്.