മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങൾ പലതും നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ് ഫാസിൽ. എന്നാൽ അദ്ദേഹത്തെ ഒരുപാട് മോഹിപ്പിച്ച, നടക്കാതെ പോയ ഒരു സ്വപ്ന ചിത്രം ഉണ്ട്. മോഹൻലാൽ നായകനും ശ്രീദേവി നായികയും എ ആർ റഹ്മാൻ സംഗീത സംവിധായകനും ആയി തീരുമാനിച്ച ഹർഷൻ ദുലരി എന്ന ചിത്രമായിരുന്നു അത്. അത് എന്ത് കൊണ്ട് നടന്നില്ല എന്ന് പറയുകയാണ് ഫാസിൽ. അതിമനോഹരമായ ഒരു കഥ ആയിരുന്നു ഗസൽ ഗായകനായ ഹർഷനും ദുലരിയും തമ്മിലുള്ള പ്രണയ കഥ. ആ കഥ കേട്ട മോഹൻലാലും ശ്രീദേവിയും സംഗീത മാന്ത്രികൻ എ ആർ റഹ്മാനും എല്ലാം ആ കഥയുടെ ആരാധകരായി. തൊണ്ണൂറുകളിൽ ആണ് ഫാസിൽ ആ ചിത്രം പ്ലാൻ ചെയ്തത്. എന്നാൽ ചിത്രം രചിച്ചു അവസാനം എത്തിയപ്പോൾ അതിനു പൂർണ്ണത കൊടുക്കാൻ തനിക്കാവിലെന്ന ചിന്തയാൽ ഫാസിൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ആ വിഷയം ജനങ്ങളിൽ എത്തിക്കാൻ തനിക്കു കഴിയില്ല എന്ന് തോന്നി എന്ന് ഫാസിൽ പറയുന്നു. മണിച്ചിത്രത്താഴിനു ശേഷം മധുമുട്ടം ഫാസിലിന് വേണ്ടി രചിക്കാൻ തുടങ്ങിയ ചിത്രമായിരുന്നു ഹർഷൻ ദുലരി. ആ ചിത്രം സംഭവിച്ചിരുന്നെങ്കിൽ മണിച്ചിത്രത്താഴിനെക്കാൾ മുകളിൽ നിന്നേനെ എന്നും ഫാസിൽ ഓർക്കുന്നു. എന്നാൽ മണിച്ചിത്രത്താഴിൽ പറഞ്ഞ വിഷയം ജനങ്ങൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടു ഇല്ലാത്തതു ആണെന്നും ഹർഷൻ ദുലരിയിൽ അങ്ങനെ ആയിരുന്നില്ല എന്നും ഫാസിൽ വിശദീകരിക്കുന്നു. ഹർഷൻ ദുലാരിയുടെ ക്ലൈമാക്സ് ഒരാൾക്ക് ആത്മ സാക്ഷാത്ക്കാരം കിട്ടുന്നത് ആണ്. പക്ഷെ ആത്മ സാക്ഷാത്കാരം കിട്ടിയ ഒരാൾക്ക് മാത്രമേ അവർ അനുഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാൻ കഴിയു. അത് ജനങ്ങൾക്ക് മനസ്സിലാവണം എന്നില്ല. ആ ലോകം എന്താണ്, എങ്ങനെയാണു എന്ന് കാണിച്ചു കൊടുക്കാൻ തനിക്കു കഴിയില്ല എന്ന ചിന്തയിൽ നിന്നും, ആത്മവിശ്വാസ കുറവിൽ നിന്നുമാണ് ആ പ്രൊജക്റ്റ് ഉപേക്ഷിച്ചത് എന്ന് ഫാസിൽ പറയുന്നു.