
ദുൽഖർ സൽമാൻ നായകനായ ആദ്യ തെലുങ്ക് ചിത്രം മഹാനടി തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ ചർച്ചയായി മാറിയ ഒന്നാണ്. തെലുങ്ക് സൂപ്പർ താരമായിരുന്ന ചലച്ചിത്രനടി സാവിത്രിയുടെ ജീവിത കഥ അഭ്രപാളികളിലേക്ക് സംവിധായകൻ നാഗ് അശ്വിനാണ് എത്തിച്ചത്. ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരവും നടിയുമായിരുന്ന സാവിത്രിയായാണ് കീർത്തി സുരേഷ് എത്തിയത്. സാവിത്രിയുടെ ഭർത്താവും സൂപ്പർ താരവുമായിരുന്ന ജെമിനി ഗണേശനായി ദുൽഖർ സൽമാനാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. സമന്തയും വിജയ് ദേവരക്കൊണ്ടയും തുടങ്ങി തെലുങ്കിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ ചരിത്രം പറയുന്ന ഈ ചിത്രത്തിലുണ്ട്. ആദ്യ ദിനം മുതൽ ഗംഭീര റിപ്പോർട്ട് ലഭിച്ച ചിത്രം ഇതിനോടകം തന്നെ വലിയ വിജയമാക്കുന്ന കാഴ്ചയാണ് കാണുന്നത്.
മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയ ചിത്രത്തിനെ തെലുങ്ക് സിനിമാ പ്രേക്ഷകരും ഇരു കൈനീട്ടിയാണ് സ്വീകരിച്ചത്. ചിത്രം തമിഴിലും മലയാളത്തിലും കൂടി എത്തിയതോടെ ചിത്രം അതിവേഗം വമ്പൻ വിജയത്തിലേക്ക് കടന്നു. ചിത്രം ഇപ്പോൾ രണ്ട് വാരം കൊണ്ട് 50 കോടിയോളം കളക്ഷൻ കരസ്ഥമാക്കി എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ചിത്രം എന്ന് തന്നെ പറയാം. സാവിത്രി തെലുങ്ക് സിനിമയുടെ പ്രിയതാരം ആയതിനാൽ തന്നെ തെലുങ്ക് പ്രേക്ഷകർ ചിത്രം ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. അതിനാൽ തന്നെ ചിത്രത്തിന് ഇപ്പോഴും തിയേറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ചിത്രത്തിലെ ദുൽഖറിന്റെയും കീർത്തി സുരേഷിന്റെയും പ്രകടനത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് സംവിധായകരായ രാജമൗലിയും ആറ്റ്ലെയും ഉൾപ്പെടെയുള്ളവർ എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
എന്തായാലും ഇരു മലയാള താരങ്ങളും മലയാളത്തിന്റെ അഭിമാനം ഒരു തെലുങ്ക് ഭാഷാ ചിത്രത്തിലൂടെ വാനോളം ഉയർത്തിയിരിക്കുന്നു തന്നെ പറയാം