തിരക്കഥാകൃത്തുക്കൾ സൂപ്പർതാരങ്ങളുടെ വീട്ടിൽ പോയി കുത്തിയിരിക്കുന്ന കാലം കഴിഞ്ഞു; രഞ്ജിത് തുറന്നു പറയുന്നു

Advertisement

മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും രചയിതാവുമാണ് രഞ്ജിത്. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളും കലാമൂല്യമുള്ള സിനിമകളും നമ്മുക്ക് സമ്മാനിച്ചിട്ടുള്ള രഞ്ജിത്, മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ചാണ് കൂടുതൽ ചിത്രങ്ങളും ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ അവരെ കുറിച്ചും ഇപ്പോഴത്തെ മലയാള സിനിമയെ കുറിച്ചും മനസ്സ് തുറക്കുകയാണ് രഞ്ജിത്. തിരക്കഥാകൃത്തുക്കൾ സൂപ്പർതാരങ്ങളുടെ വീട്ടിൽ പോയി കുത്തിയിരിക്കുന്ന കാലം കഴിഞ്ഞു എന്നാണ് രഞ്ജിത്ത് പറയുന്നത്. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുക്കവെ നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്നു പറയുന്നത്. താരങ്ങളെ ആശ്രയിച്ച്‌ സിനിമയെടുക്കുന്ന കാലം പോയി എന്നും പുതിയ കുട്ടികൾ സംഘമായി അധ്വാനിച്ചാണ് ഇപ്പോൾ സിനിമയെടുക്കുന്നത് എന്നും രഞ്ജിത്ത് പറഞ്ഞു.

അതിനു പറ്റിയ നടീനടന്മാരെ അവർ തന്നെ കണ്ടെത്തുകയാണ് എന്നും അദ്ദേഹം വിശദീകരിച്ചു. തന്നെ സംബന്ധിച്ച് തിരക്കഥ എന്നത് സിനിമയുടെ അവസാനം വരെ എപ്പോൾ വേണമെങ്കിലും മാറ്റം വരാവുന്ന ഒന്നാണ് എന്നും അദ്ദേഹം പറയുന്നു. എല്ലാ സിനിമകളും പ്രേക്ഷകാഭിരുചിയെ തൃപ്തിപ്പെടുത്തുന്നതാവണം എന്ന് തനിക്കു ആഗ്രഹമില്ല എന്നും രഞ്ജിത് സംവാദത്തിൽ പറഞ്ഞു. മികച്ച പ്രേക്ഷകാഭിപ്രായം നേടിയ പ്രാഞ്ചിയേട്ടൻ എന്ന ചിത്രം എടുക്കുന്നതിനെ പലരും ആ കാലത്തു നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നും രഞ്ജിത് തുറന്നു പറഞ്ഞു. ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകൾ താൻ എടുത്തിട്ടുണ്ടെന്നു പറഞ്ഞ രഞ്ജിത് സിനിമയെ അനുകരിക്കുകയോ അതിനാൽ സ്വാധീനിക്കപ്പെടുകയോ ചെയ്യേണ്ടതില്ല എന്ന അഭിപ്രായക്കാരനാണ് താനെന്നും കൂട്ടിച്ചേർത്തു. നരസിംഹം പോലുള്ള സിനിമകൾ എഴുതിയാൽ പോരേ എന്നു പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും എന്നാൽ തനിക്കു വ്യക്തിപരമായി സംതൃപ്തി നൽകുന്ന സിനിമകളും ചെയ്യണ്ടേ എന്നും രഞ്ജിത്ത് ചോദിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close