നന്ദമുരി ബാലയ്യക്ക് വേണ്ടി പ്ലാൻ ചെയ്ത കഥാപാത്രവും; വെളിപ്പെടുത്തി സംവിധായകൻ.

Advertisement

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ ഇപ്പോൾ മഹാവിജയം നേടി മുന്നേറുകയാണ്. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 150 കോടിയോളമാണ് ഈ ചിത്രം ആഗോള കളക്ഷനായി നേടിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിൽ സൂപ്പർസ്റ്റാറിന്റെ വിളയാട്ടം മാത്രമല്ല പ്രേക്ഷകർ കണ്ടത്. അതിഥി വേഷത്തിൽ വന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ എന്നിവരും വലിയ കയ്യടിയാണ് നേടുന്നത്. അതിൽ തന്നെ മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന മുംബൈ ഡോൺ കഥാപാത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. എന്നാൽ ഇവരെ കൂടാതെ തെലുങ്ക് സൂപ്പർ താരം ബാലയ്യക്കും ഒരു അതിഥി വേഷം താൻ ആദ്യം പ്ലാൻ ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ നെൽസൺ.

വികടൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്ന് പറയുന്നത്. ബാലയ്യക്ക് വേണ്ടി ഒരു പോലീസ് വേഷമാണ് താൻ പ്ലാൻ ചെയ്തത് എന്നും, പക്ഷെ എഴുതി വന്നപ്പോൾ ആ കഥാപാത്രത്തിന് വേണ്ടത്ര ശക്തിയില്ല എന്ന് തോന്നിയപ്പോൾ അത് ചിത്രത്തിൽ നിന്നും വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ അതിശക്തമായ ക്ളൈമാക്സ് എൻട്രിക്ക് മുൻപ് തന്നെ അവരുടെ കഥാപാത്രത്തിന് ഒരു തുടക്കം കൊടുക്കാൻ സാധിച്ചിരുന്നുവെന്നും, എന്നാൽ ബാലയ്യക്ക് വേണ്ടി പ്ലാൻ ചെയ്ത കഥാപാത്രത്തിന് അങ്ങനെയൊരു വിശ്വസനീയമായ തുടക്കം എഴുതി ഫലിപ്പിക്കാൻ തനിക്ക് കഴിയാത്തത് കൊണ്ടാണ് അത് വേണ്ടെന്ന് വെച്ചതെന്നും നെൽസൺ പറഞ്ഞു. ഇനി ആ കഥാപാത്രം ഉണ്ടാക്കിയിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കുമോ ഇല്ലയോ എന്ന് തനിക്കറിയില്ല എന്നും നെൽസൺ കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close