മലയാളത്തിലേക്ക് വീണ്ടുമൊരു നവാഗത സംവിധായിക കൂടി

Advertisement

ഒരുപിടി വലിയ മലയാള ചിത്രങ്ങളിലൂടെ വസ്ത്രാലങ്കാരക എന്ന നിലയിൽ വലിയ പ്രശസ്തി നേടിയ ആളാണ് സ്റ്റെഫി സേവ്യർ. ഏകദേശം അറുപതോളം മലയാള ചിത്രങ്ങളിൽ വസ്ത്രാലങ്കാരകയായി പ്രവർത്തിച്ചു പരിചയമുള്ള സ്റ്റെഫി സംസ്ഥാന ചലച്ചിത്ര പുരസ്‍കാര ജേതാവ് കൂടിയാണ്. 2016 ഇൽ ഗപ്പി എന്ന ജോൺ പോൾ ജോർജ്- ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് സ്റ്റെഫി സേവ്യർ ആദ്യമായി സംസ്ഥാന പുരസ്‍കാരം നേടുന്നത്. ഏതായാലും ഇപ്പോൾ സംവിധായികയായും തിളങ്ങാനുള്ള ഒരുക്കത്തിലാണ് സ്റ്റെഫി സേവ്യർ. ഷറഫുദ്ദീനും, രജിഷ വിജയനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സ്റ്റെഫി സേവ്യർ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. സൈജു കുറുപ്പ്, അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഖദ, ബിജു സോപാനം, ബിന്ദുപണിക്കർ, ആശ ബൈജു എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

ഈ വരുന്ന സെപ്റ്റംബർ 19 ന് പത്തനംതിട്ടയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം, നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കാൻ പോകുന്നതെന്നാണ് സൂചന. പത്തനംതിട്ട ജില്ലയുടെ സംസ്കാരവും ഭാഷയും ആചാരങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് ഈ ഫാമിലി എന്റെർറ്റൈനെർ രചിച്ചിരിക്കുന്നത്. ബിത്രീ എം ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് ചന്ദ്രു ശെൽവരാജ് ക്യാമറ ചലിപ്പിക്കും. ഹിഷാം അബ്ദുൽ വഹാബാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജയസൂര്യ നായകനായ ബാഷ് മുഹമ്മദ് ചിത്രം ലുക്കാച്ചുപ്പിയിലൂടെയാണ് സ്റ്റെഫി സേവ്യർ വസ്‌ത്രാലങ്കാര മേഖലയിൽ എത്തിയത്. സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വസ്ത്രാലങ്കാരം നിർവഹിക്കുന്നത്‌ സനൂജ് ഖാനാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close