കോവിഡ് 19 ഭീഷണിയിൽ നിന്ന് ഇപ്പോഴും നമ്മുടെ രാജ്യം മുക്തമായിട്ടില്ല എന്നു മാത്രമല്ല, ഓരോ ദിവസം കഴിയുംതോറും കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന ഭയപ്പെടുത്തുന്ന കണക്കുകളും നമ്മുടെ മുന്നിലെത്തുന്നു. മൂന്നു മാസത്തോളമായി ലോക്ക് ഡൗണിലായിരുന്ന നമ്മുടെ രാജ്യമിപ്പോൾ ലോക്ക് ഡൗണിൽ ലഭിച്ചിരിക്കുന്ന ഇളവുകളിലൂടെ പതുക്കെ പതുക്കെ സാധാരണ ഗതിയിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്ന ഘട്ടവും കൂടിയാണ്. ഈ കോവിഡ് സമയത്തു ഇന്ത്യൻ സിനിമാ രംഗം നിശ്ചലമായെങ്കിലും കോവിഡ് പ്രതിരോധ രംഗത്ത് ഏറെ സഹായങ്ങളുമായി ഇന്ത്യൻ സിനിമാ താരങ്ങൾ നിറഞ്ഞു നിന്നു. അവരിൽ ഏറ്റവും മുൻപന്തിയിലുള്ള താരങ്ങളിലൊരാളാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. കോവിഡ് പ്രതിരോധ രംഗത്ത് കേരളാ സർക്കാരിനൊപ്പം ഏറ്റവും കൂടുതൽ ചേർന്നു പ്രവർത്തിച്ച താരമാണ് മോഹൻലാൽ.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകൾക്കും അദ്ദേഹം നൽകുന്ന പ്രചോദനത്തിനും നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് കേന്ദ്ര സായുധ പോലീസ് സേനയായ സി ഐ എസ് എഫ് ആണ്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സി ഐ എസ് എഫ് കാഴ്ച്ചവെക്കുന്ന നിസ്തുല പ്രവർത്തനങ്ങളെ അഭിനന്ദിച്ചും അവർക്ക് നന്ദി പറഞ്ഞു കണ്ടും മോഹൻലാൽ അയച്ച വീഡിയോ സന്ദേശം പുറത്തു വിട്ടു കൊണ്ടാണ് സി ഐ എസ് എഫ് ഔദ്യോഗികമായി തന്നെ അദ്ദേഹത്തിന് നന്ദി പറഞ്ഞിരിക്കുന്നത്. കേരളാ സർക്കാരിന് സാമ്പത്തിക സഹായമുൾപ്പെടെ നൽകി, ആരോഗ്യ രംഗത്തും, ആരോഗ്യ പ്രവർത്തകർക്കും, കേരളാ പോലീസ് സേനക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്ത മോഹൻലാൽ, ഇതേ സഹായം തമിഴ് നാടിനും, മഹാരാഷ്ട്രക്കും, പുനെക്കുമെല്ലാം ചെയ്തു.
We express our humble gratitude to renowned actor Shri @Mohanlal for his kind words of encouragement motivating #CISF personnel who are at the forefront in the battle against #Covid19. Thank you so much. pic.twitter.com/VQwB9IyNdv
— CISF (@CISFHQrs) June 13, 2020
അതോടൊപ്പം കേരളത്തിന് അകത്തും പുറത്തും ഇന്ത്യക്കു പുറത്തു ഗൾഫിലുമെല്ലാമുള്ള ആരോഗ്യ പ്രവർത്തകരുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന അദ്ദേഹം അവർക്ക് നൽകുന്ന പിന്തുണയും പ്രചോദനവും വളരെ വലുതാണ്. മോഹൻലാലിന്റെ സേവനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് കേരള ആരോഗ്യ മന്ത്രി, വിവിധ ജില്ലാ കളക്ടർമാർ, കേരള ആരോഗ്യ വകുപ്പ്, കേരളാ പോലീസ് സേന, തമിഴ്നാട് മന്ത്രി, പൂനെ മേയർ, ഗൽഫിലെയും സിംഗപൂരിലെയും ആരോഗ്യ മന്ത്രാലയങ്ങൾ തുടങ്ങിയവരും മുന്നോട്ട് വന്നിരുന്നു. മലയാള സിനിമയിലെ ദിവസ വേതനക്കാർക്കും അതുപോലെ സഹായമർഹിക്കുന്ന മറ്റനേകം പ്രവർത്തകർക്കും സാമ്പത്തിക സഹായമുൾപ്പെടെ നൽകിയ മോഹൻലാൽ, ഈ കോവിഡ് കാലത്ത് ഏവരുമറിഞ്ഞ വിനയ് എന്ന ആരോരുമില്ലാത്ത ഒരു കുട്ടിയുടെ ഇനിയങ്ങോട്ടുള്ള പഠന ചിലവുകളും മുഴുവനായി ഏറ്റെടുത്തിരുന്നു.