ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ ചിത്രം ചെല്ലോ ഷോ യിലെ ബാലതാരം രാഹുൽ കോലി അന്തരിച്ചു

Advertisement

ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കർ എൻട്രി ആയി തിരഞ്ഞെടുത്ത ചിത്രമാണ് ചെല്ലോ ഷോ. കമിങ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ഗുജറാത്തി ചിത്രം ഒട്ടേറെ വമ്പൻ ചിത്രങ്ങളെ പിന്നിലാക്കിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഈ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുൽ കോലി അന്തരിച്ചു എന്ന വാർത്തയാണ് വരുന്നത്. അർബുദ ബാധിതനായിരുന്ന രാഹുൽ ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളിൽ ഒരാളായിരുന്നു. ഞായറാഴ്ച രാഹുലിന് തുടർച്ചയായി പനിയുണ്ടായിരുന്നെന്നും മൂന്ന് തവണ രക്തം ഛർദിച്ചെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. രാമു കോലി എന്നാണ് രാഹുലിന്റെ പിതാവിന്റെ പേര്. അദ്ദേഹത്തിന്റെ മൂത്ത മകനായിരുന്നു രാഹുൽ. പാന്‍ നളിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചെല്ലോ ഷോ എന്ന ചിത്രം, സമയ് എന്ന ഒന്‍പത് വയസുകാരന്‍ ആണ്‍കുട്ടിയുടെ സിനിമയുമായുള്ള ബന്ധമാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

ഭവിന്‍ രബാരി സമയ് എന്ന കേന്ദ്ര കഥാപാത്രത്തിന് ജീവൻ നൽകിയപ്പോൾ, ഭവേഷ് ശ്രീമലി, റിച്ച മീണ, ദീപന്‍ റാവല്‍, പരേഷ് മെഹ്ത എന്നിവരും ഇതിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. സ്പെയിനിലെ വല്ലഡോലിഡ് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ സ്പൈക്ക് പുരസ്കാരം നേടിയ ഈ ചിത്രം 2021 ലെ ട്രിബേക്ക ഫിലിം ഫെസ്റ്റിവലിലാണ് പ്രീമിയർ ചെയ്തത്. അവസാന സിനിമാ പ്രദർശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്റെ അർത്ഥം. ഇതിന്റെ സംവിധായകൻ പാൻ നളിന്റെ തന്നെ ചെറുപ്പകാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ചെല്ലോ ഷോയുടെ കഥാതന്തു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close