നവാഗത സംവിധായൻ അരുൺ വൈഗ അസ്‌കർ അലിയെ നായകനാക്കി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ചെമ്പരത്തിപ്പൂ. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ ചെമ്പരത്തിപ്പൂ മൂന്നു കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്.
അസ്‌കർ അലി അവതരിപ്പിക്കുന്ന വിനോദ് എന്ന ചെറുപ്പക്കാരന്റെ സ്കൂൾ ലൈഫ്, അതിനു ശേഷമുള്ള രണ്ടു കാലഘട്ടങ്ങൾ എന്നിവയാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. വിനോദിന്റെ സ്കൂൾ ലൈഫിലെ ദിയ എന്ന പെൺകുട്ടിയുമായുള്ള പ്രണയവും പ്രണയ നഷ്ടവും അതിനു ശേഷം നീന എന്ന പെൺകുട്ടിയുമായുള്ള പ്രണയവും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഗൃഹാതുരതയുടെ സുഖം പ്രേക്ഷകന് പകർന്നു നൽകുന്ന രീതിയിലാണ് സംവിധായൻ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വിനോദിന്റെ സ്കൂൾ ജീവിതവും ആ കാലഘട്ടത്തിലെ സ്കൂൾ തമാശകളും പ്രണയവുമെല്ലാം വളരെ മനോഹരമായി തന്നെ സംവിധായകൻ ആവിഷ്കരിച്ചിട്ടുണ്ട്.
അതിനു ശേഷം പിന്നീട് വിനോദിന്റെ യൗവന കാലത്തിലെ നീനയുമായുള്ള പ്രണയവും അതിമനോഹരമായി തന്നെയാണ് അരുൺ വൈഗ പറഞ്ഞിരിക്കുന്നത്. മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും ലൊക്കേഷനുകളുമെല്ലാം ഈ നൊസ്റ്റാൾജിയ പ്രേക്ഷകന് പകർന്നു നൽകുന്നതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.
ചിരിയും പ്രണയവും കൃത്യമായ അളവിൽ കോർത്തിണക്കി ഒരുക്കിയ മനോഹരമായ ഒരു എന്റെർറ്റൈനെർ ആണ് ചെമ്പരത്തിപ്പൂ എന്ന് പറയാം. സന്തോഷ് അനിമ ഒരുക്കിയ ദൃശ്യങ്ങളും രാകേഷ് എ ആർ ഒരുക്കിയ സംഗീതവും ഗംഭീരമായിരുന്നു. അദിതി രവി, പാർവതി അരുൺ എന്നിവർ ആണ് ഈ ചിത്രത്തിലെ ദിയ, നീന എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.